വീട്ടുജോലിക്കു വന്ന പതിമൂന്നുകാരിക്ക് ക്രൂരമർദനം; ഡോക്ടർ ദമ്പതിമാർക്കെതിരെ പൊലീസ് കേസെടുത്തു
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കുട്ടിക്ക് ക്രൂരമായി മർദനമേൽക്കുന്നുവെന്ന വിവരം അയൽവാസികളാണ് ചൈൽഡ് ലൈനെ അറിയിച്ചത്
കോഴിക്കോട്: പന്തീരങ്കാവിൽ വീട്ടുജോലിക്കു നിർത്തിയ പതിമൂന്ന് വയസ്സുകാരിക്ക് ഡോക്ടർ ദമ്പതിമാരുടെ ക്രൂര മർദനം. ബീഹാർ സ്വദേശിനിക്കാണ് മർദനമേറ്റത്. കുട്ടിയെ മർദിച്ച ഡോക്ടർ മിർസാ മുഹമ്മദ് ഖാൻ ഭാര്യ റുഹാന എന്നിവർക്കെതിരെ പന്തീരങ്കാവ് പൊലീസ് കേസെടുത്തു.
നാല് മാസം മുമ്പാണ് പെൺകുട്ടി ഡോക്ടറുടെ പന്തീരങ്കാവുള്ള വീട്ടിൽ ജോലിക്കെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കുട്ടിക്ക് ക്രൂരമായി മർദനമേൽക്കുന്നുവെന്ന വിവരം അയൽവാസികളാണ് ചൈൽഡ് ലൈനെ അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ഇന്നലെ രാത്രിയോടു കൂടിയാണ് കുട്ടിയെ ഡോക്ടറുടെ വീട്ടിൽ നിന്നും രക്ഷിച്ചത്. കോഴിക്കോട് വെള്ളിമാട്കുന്നിലെ ബാലികാ മന്ദിരത്തിലാണ് കുട്ടി ഇപ്പോളുള്ളത്. ഉത്തർപ്രദേശ് സ്വദേശിയായ മിർസാ മുഹമ്മദ് ഖാൻ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഡോക്ടർ ദമ്പതിമാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. റുഹാന പെൺകുട്ടിയെ ബെൽറ്റ് കൊണ്ട് അടിച്ചിട്ടുണ്ടെന്ന് വരെയുള്ള വിവരങ്ങളാണ് അയൽവാസികൾ പങ്കുവെച്ചത്.