കെ വി തോമസിനെതിരായ നടപടി നീട്ടാന്‍ കാരണം എ കെ ആന്‍റണിയുടെ ഇടപെടൽ

ഉടനടി നടപടിയുണ്ടാകുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ കരുതിയത്

Update: 2022-04-12 01:09 GMT
Advertising

ഡല്‍ഹി: വിലക്ക് ലംഘിച്ചു സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെതിരെ നടപടി നീട്ടിയത് എ കെ ആന്‍റണി കമ്മിറ്റിയുടെ ഇടപെടൽ. ഉടനടി നടപടിയുണ്ടാകുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ കരുതിയത്. എ കെ ആന്‍റണിയുടെ നിർദേശ പ്രകാരമാണ് കെ വി തോമസിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.

എ.ഐ.സി.സി അംഗങ്ങളുടെയും എംപിമാരുടെയും പേരിൽ അച്ചടക്ക നടപടി സ്വീകരിക്കാനാണ് എ.കെ ആന്‍റണിയുടെ അധ്യക്ഷതയിൽ അച്ചടക്ക സമിതി രൂപീകരിച്ചത്. ജനറൽ സെക്രട്ടറി താരിഖ് അൻവർ മെമ്പർ സെക്രട്ടറിയായ ഈ സമിതിയാണ് വിശദീകരണത്തിനുള്ള അവസരമായി ഒരാഴ്ച കെ.വി തോമസിന് നൽകിയത്. അച്ചടക്ക സമിതി പരിഗണിക്കുമ്പോൾ കെ സുധാകരൻ, കെ വി തോമസിനെതിരെ തിരിഞ്ഞതും സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർത്തിയതും മറുപടി നൽകുമ്പോൾ തോമസിന് പിടിവള്ളിയാകും. ഒരു വർഷമായി എതിരാളികളുമായി കെ.വി തോമസ് നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നതും തെളിയിക്കാൻ സംസ്ഥാന നേതൃത്വത്തിന് ബുദ്ധിമുട്ടാകും. തോമസ് ബന്ധപ്പെട്ടതിനേക്കാൾ ഏറെ, ഇക്കാലത്ത് രാഹുൽ ഗാന്ധി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ബന്ധപ്പെട്ടിരുന്നു. കെ റെയിൽ ഒഴികെയുള്ള സമരങ്ങളിൽ പാർലമെന്റിൽ സിപിഎമ്മും കോൺഗ്രസും ഒറ്റക്കെട്ടായിരുന്നു.

പാർട്ടി കോൺഗ്രസിന് പോകരുതെന്ന് ശശി തരൂരിനും കെ വി തോമസിനും നിർദേശം നൽകണമെന്ന് കോൺഗ്രസ് എംപിമാർ ഒറ്റക്കെട്ടായി സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിലക്കുണ്ടായത്. നിരവധി നേതാക്കന്മാർ കോൺഗ്രസ് വിട്ടു മറ്റുപാർട്ടികളിലേക്ക് ചേക്കേറുമ്പോൾ അച്ചടക്ക നടപടിയെടുത്ത് ഒരു നേതാവിനെ കൂടി പുറത്തു കളയാൻ ദേശീയ നേതൃത്വം തയ്യാറല്ല. യുപിഎ സർക്കാരിന്റെ അഭിമാനപദ്ധതിയായിരുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിക്കു ചുക്കാൻ പിടിച്ച കെ വി തോമസിനെ, പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കാൻ അച്ചടക്ക സമിതിക്ക് താല്പര്യമില്ല. അതേസമയം കെ.സുധാകരന്റെ അഭിമാനം സംരക്ഷിക്കാനായി നടപടി കൂടിയേ തീരൂ. ഇരുവിഭാഗങ്ങൾക്കും കാര്യമായ ദോഷം ചെയ്യാത്ത നടപടിയിലേക്കു എത്തിച്ചേരാനുള്ള വഴികളെ കുറിച്ചാണ് അച്ചടക്ക സമിതി ആലോചിക്കുന്നത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News