'സഹകരണബാങ്ക് ക്രമക്കേട് അന്വേഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ട്': കെ.ടി ജലീലിനെ തള്ളി സഹകരണ മന്ത്രിയും

സഹകരണബാങ്ക് ക്രമക്കേട് അന്വേഷിക്കാൻ കേരളത്തിൽ സംവിധാനമുണ്ടെന്ന് മന്ത്രി വാസവൻ പറഞ്ഞു. സഹകരണം സംസ്ഥാന വിഷയമാണ്, ഇ.ഡി വരേണ്ട കാര്യമില്ല. എ.ആർ നഗർ ബാങ്ക് അന്വേഷണ റിപ്പോർട്ട് സർക്കാറിന് കിട്ടിയില്ലെന്നും സഹകരണ മന്ത്രി

Update: 2021-09-08 06:07 GMT
Editor : rishad | By : Web Desk
Advertising

മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കെ.ടി ജലീലിനെ കൈവിട്ട് സഹകരണ മന്ത്രി വി.എൻ വാസവനും. സഹകരണബാങ്ക് ക്രമക്കേട് അന്വേഷിക്കാൻ കേരളത്തിൽ സംവിധാനമുണ്ടെന്ന് മന്ത്രി വാസവൻ പറഞ്ഞു. സഹകരണം സംസ്ഥാന വിഷയമാണ്, ഇ.ഡി വരേണ്ട കാര്യമില്ല. എ.ആർ നഗർ ബാങ്ക് അന്വേഷണ റിപ്പോർട്ട് സർക്കാറിന് കിട്ടിയില്ലെന്നും സഹകരണ മന്ത്രി പറഞ്ഞു.

അതേസമയം കെ.ടി ജലീലിന്റെ പ്രസ്താവനകളിൽ സിപിഎമ്മും അതൃപ്തി പ്രകടമാക്കി. സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ജലീലിനെ അതൃപ്തി അറിയിച്ചു. പ്രതികരിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. സഹകരണ ബാങ്കിൽ ഇ.ഡി അന്വേഷിക്കണമെന്നത് പാർട്ടി നിലപാടിന് എതിരെന്നും സിപിഎം വിലയിരുത്തി. സഹകരണ ബാങ്കിലെ ക്രമക്കേട് ഇ.ഡി അന്വേഷണിക്കണമെന്ന കെ.ടി ജലീലിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം രംഗത്ത് വന്നത്.

ഇഡി ചോദ്യം ചെയ്തശേഷം ജലീലിന് ഇഡിയിൽ കൂടുതൽ വിശ്വാസം വന്നിരിക്കാമെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സഹകരണ മേഖലയിലെ കാര്യങ്ങൾ ഇഡി കൈകകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ സ്ഥാപനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു സംസ്ഥാനമാണ്. സാധാരണ ഗതിയിൽ ഇത്തരമൊരു ആവശ്യം ജലീൽ ഉന്നയിക്കേണ്ട കാര്യമല്ല. ഇവിടെ ആവശ്യമായ അന്വേഷണം നടക്കുന്നുണ്ട്. കുറ്റം കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പി.കെ.കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ.ആര്‍. നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നായിരുന്നു ജലീല്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 'മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാമെന്നുമായിരുന്നു ജലീലിന്റെ മറുപടി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News