തിരുവനന്തപുരത്ത് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി
വിദേശത്ത് നിന്നെത്തിയെന്ന് സംശയിക്കുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയതെന്ന് ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞു
തിരുവനന്തപുരം: ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിനെ എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. രണ്ട് കാറുകളിലെത്തിയ സംഘമാണ് ഓട്ടോയിൽ സഞ്ചരിച്ചിരുന്ന വ്യക്തിയെ മർദ്ദിച്ച ശേഷം പിടിച്ചുകൊണ്ടുപോയത്. വിദേശത്ത് നിന്നെത്തി എന്ന് സംശയിക്കുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയതെന്ന് ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഓട്ടോറിക്ഷ ഡ്രൈവർ പറയുന്നതിങ്ങനെയാണ്: എയർപോർട്ടിൽ നിന്ന് തമ്പാനൂരിലേക്കാണ് ഓട്ടോ വിളിച്ചത്. തിരുനെൽവേലിക്ക് പോകാനാണ് തമ്പാനൂരിലേക്ക് പോകുന്നതെന്ന് പറഞ്ഞു. യാളുടെ കൈവശം ബാഗ് ഒന്നും ഇല്ലായിരുന്നു.
തകരപ്പറമ്പിലെത്തിയപ്പോഴാണ് സ്വിഫ്റ്റ് കാറിലെത്തിയ സംഘം ഓട്ടോറിക്ഷ തടയുകയും യാത്രക്കാരനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. എന്തിനാണ് മർദിക്കുന്നതെന്ന് ചോദിച്ചപ്പോൾ തന്റെ കൈ പിടിച്ചു തിരിച്ചുവെന്ന് ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞു. യാത്രക്കാരൻ മലയാളവും തമിഴും സംസാരിച്ചിരുന്നുവെന്ന് ഓട്ടോറിക്ഷ ഡ്രൈവർ കൂട്ടിച്ചേർത്തു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്ന് ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞു.