രാജി വെക്കില്ലെന്ന് എ.എ ഇബ്രാഹിം കുട്ടി; തൃക്കാരക്കര നഗരസഭയിൽ യു.ഡി.എഫ് പ്രതിസന്ധിയില്‍
മുസ്‌ലിം ലീഗിലെ മുൻ ധാരണ പ്രകാരം ഇബ്രാഹിംകുട്ടി രാജി വെക്കാതെ വന്നതോടെയാണ് നേതൃത്വം ഇടപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് രാജി നൽകാനായിരുന്നു നിര്‍ദേശം
കൊച്ചി: വൈസ് ചെയർമാൻ എ.എ ഇബ്രാഹിം കുട്ടി രാജി വെക്കാൻ തയ്യാറാകാതെ വന്നതോടെ തൃക്കാരക്കര നഗരസഭയിൽ യു.ഡി.എഫ് പ്രതിസന്ധിയിലായി. ഉച്ചക്ക് 12 മണിക്ക് മുൻപ് രാജിവെക്കണമെന്ന ലീഗ് നിർദേശം ഇബ്രാഹിംകുട്ടി തള്ളി. രാജിവെക്കില്ലെന്നും സ്വതന്ത്രർ കൊണ്ടുവന്ന അവിശ്വാസപ്രമേയം നേരിടുമെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. വൈസ് ചെയര്മാനെതിരായ അവിശ്വാസ പ്രമേയം നാളെ കൗൺസിൽ ചർച്ച ചെയ്യും. എൽഡിഎഫും സ്വതന്ത്രരും ചേർന്നാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
മുസ്‌ലിം ലീഗിലെ മുൻ ധാരണ പ്രകാരം ഇബ്രാഹിംകുട്ടി രാജി വെക്കാതെ വന്നതോടെയാണ് നേതൃത്വം ഇടപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് രാജി നൽകാനായിരുന്നു മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻറ് കെ.എം അബ്ദുൽ മജീദ് നിർദേശം നൽകിയത്.
തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ സ്ഥാനം ആദ്യ രണ്ടര വർഷം എ.എ ഇബ്രാഹിംകുട്ടിക്കും അടുത്ത ഒന്നര വർഷം പി.എം യൂനുസിനും തുടർന്നുളള ഒരു വർഷം ടി.ജി ദിനൂപിനും നൽകാനായിരുന്നു ലീഗ് തീരുമാനം. എന്നാൽ ധാരണ പ്രകാരമുള്ള രണ്ടര വർഷം കഴിഞ്ഞിട്ടും നിലവിലെ വൈസ് ചെയർമാൻ സ്ഥാനം രാജി വെക്കാൻ ഇബ്രാഹിംകുട്ടിക്കും സന്നദ്ധനായില്ല. ഇതോടെയാണ് രാജിവെക്കാൻ ലീഗ് ജില്ലാ കമ്മിറ്റി നിർദേശം നൽകിയത്.