തൃക്കാക്കരയിൽ ആംആദ്മി പാർട്ടി മത്സരിക്കില്ല
നിലവിലെ സാഹചര്യത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പ്രാധാന്യമില്ലെന്ന് ദേശീയ നിരീക്ഷകൻ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മത്സരിക്കില്ല. നിലവിലെ സാഹചര്യത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പ്രാധാന്യമില്ലെന്ന് ദേശീയ നിരീക്ഷകൻ എൻ രാജ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പാർട്ടിയുടെ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമാണിതെന്നും എൻ രാജ പറഞ്ഞു. ഒരു സീറ്റിന്‍റെ ജയ പരാജയം ഭരണത്തിൽ പ്രത്യേകിച്ച് സ്വാധീനമുണ്ടാക്കില്ല. 140 സീറ്റുകളിലും മത്സരിക്കുന്ന പാർട്ടിയായി ആം ആദ്മി വളർന്ന് വരുമെന്നും എൻ രാജ പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് പ്രസക്തിയില്ലെന്ന് ആം ആദ്മി കൺവീനർ പി.സി സിറിയക്കും വ്യക്തമാക്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 140 സീറ്റുകളും നേടുകയാണ് ലക്ഷ്യമെന്ന് പി.സി സിറിയക്ക് പറഞ്ഞു. മെയ് 15 ന് അരവിന്ദ് കെജ്‌രിവാൾ കേരളത്തിൽ എത്തും. തൃക്കാക്കരയിലെ ആം ആദ്മി വോട്ടർമാർ എന്ത് നിലപാട് സ്വീകരിക്കണമെന്ന് 15ന് കെജ‍്‍രിവാൾ അറിയിക്കുമെന്നും സിറിയക്ക് പറഞ്ഞു.
ട്വന്‍റി 20, ആം ആദ്മി പാര്‍ട്ടികള്‍ സഹകരിച്ച് ഒരൊറ്റ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ തീരുമാനത്തോട് ആം ആദ്മിയുടെ കേരള ഘടകത്തിന് വിയോജിപ്പുകളുണ്ടെന്നും ഇക്കാര്യം അരവിന്ദ് കെജ്‍രിവാളിനെ അറിയിച്ചതായാണ് വിവരം. സംഘടനാ സംവിധാനം ദുര്‍ബലമായ തൃക്കാക്കരയില്‍ ട്വന്‍റി 20യുടെ പിന്തുണയുണ്ടെങ്കിലും ഇരുപതിനായിരത്തോളം വോട്ട് ലഭിക്കാനെ സാധ്യതയുള്ളു. ഇത് ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കേരള ഘടകം ചൂണ്ടിക്കാണിക്കുന്നത്.
Aam Aadmi Party will not contest in Thrikkakara