പ്രതിസന്ധിഘട്ടങ്ങളിൽ പോലും പുഞ്ചിരിയോടെ നയിച്ച നേതാവ്: മഅ്ദനി
ഇന്ന് ഉച്ചയോടെയാണ് ഹൈദരലി തങ്ങൾ അന്തരിച്ചത്. അർബുദരോഗത്തെ തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പ്രതിസന്ധിഘട്ടങ്ങളിൽ പോലും പുഞ്ചിരിയോടെ സമൂഹത്തെ നയിക്കുകയും സമുദായത്തിന് നേതൃത്വം നൽകുകയും ചെയ്ത നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി. നിലപാടുകളിൽ കൃത്യതയും കാർക്കശ്യവും പുലർത്തുകയും ഒപ്പം സൗമ്യനും ശാന്തശീലനുമായ വ്യക്തിത്വവുമായിരുന്നു തങ്ങളെന്നും മഅ്ദനി അനുസ്മരിച്ചു.
അനുസ്മരണക്കുറിപ്പിന്റെ പൂർണരൂപം:
വേദനയോടെ വിട!!!
കേരളത്തിലെ ഏറ്റവുമധികം ആദരിക്കപ്പെട്ടിരുന്ന നേതാവും സൗമ്യനും ശാന്തശീലനുമായ രാഷ്ട്രീയ വ്യക്തിത്വവുമായിരുന്ന ബഹു: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ ആത്മാർത്ഥമായ ഹൃദയവേദനയും ദുഖവും അറിയിക്കുന്നു
ഞാൻ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ യിൽ വിദ്യാർത്ഥിയായിരുന്ന കാലത്താണ് ആദ്യമായി ബഹു: തങ്ങളെ കാണുന്നതും പരിചയപ്പെടുന്നതും.
ഏറ്റവുമവസാനം ബാംഗ്ളൂരിൽ ഞാൻ ഇപ്പോൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ വെച്ചും...
പ്രതിസന്ധിഘട്ടങ്ങളിൽ പോലും പുഞ്ചിരിയോടെ സമൂഹത്തെ നയിക്കുകയും സമുദായത്തിന് നേതൃത്വം നൽകുകയും നിലപാടുകളിൽ കൃത്യതയും കാർകശ്യവും പുലർത്തുകയും ചെയ്തിരുന്ന ആദരണീയനായ തങ്ങൾക്ക് പരലോകത്തിൽ ഉന്നതമായ പദവികൾ നൽകി നാഥൻ അനുഗ്രഹിക്കുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു......
ആത്മീയ-രാഷ്ട്രീയ രംഗത്തെ സൗമ്യനും ശാന്തശീലനുമായ വ്യക്തിത്വവുമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് പിഡിപി പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് അനുശോചന കുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിൽ ആത്മാർത്ഥമായ ദുഖവും ഹൃദയവേദനയും അറിയിക്കുന്നുവെന്നും വ്യക്തമാക്കി. തങ്ങളുടെ സാമൂഹ്യജീവിതം കേരള രാഷ്ട്രീയ ചരിത്രത്തിൽ ശ്രദ്ധേയമായി അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.