പൂരനഗരിയിൽ ആംബുലൻസിൽ എത്തിയില്ലെന്ന് സുരേഷ് ഗോപി കള്ളംപറയുന്നു; എ.സി മൊയ്തീന്‍
അസുഖമായി കിടന്നിരുന്ന സുരേഷ് ഗോപി അവിടേക്ക് എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണ്
കൊച്ചി: പൂരനഗരിയിൽ ആംബുലൻസിൽ എത്തിയില്ലെന്ന് സുരേഷ് ഗോപി കള്ളംപറയുകയാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം എ.സി മൊയ്തീൻ. അസുഖമായി കിടന്നിരുന്ന സുരേഷ് ഗോപി അവിടേക്ക് എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണ് . പൂരത്തെ തെരഞ്ഞെടുപ്പിനു വേണ്ടി പ്രയോജനപ്പെടുത്തിയെന്നും മൊയ്തീൻ ആരോപിച്ചു.
ജനപ്രതിനിധി എന്ന നിലയിൽ സുരേഷ് ഗോപി തികഞ്ഞ പരാജയമാണ്. എംപി എന്ന നിലയിൽ തൃശൂരിൽ അദ്ദേഹത്തിന്‍റെ സാന്നിധ്യമില്ല. അപേക്ഷ നൽകുമ്പോൾ ബിജെപിയുടെ ഓഫീസിൽ നൽകാനാണ് അദ്ദേഹം പറയുന്നത്. ജനപ്രതിനിധി ജനങ്ങൾക്കിടയിൽ ഉണ്ടാകണം. ആകാശഗോപുരങ്ങളിൽ താമസിക്കുന്ന പഴയ സ്റ്റണ്ട് സിനിമയിലെ നായകനായിട്ടല്ലല്ലോ ജനപ്രതിനിധിയെ ജനങ്ങൾ കാണുന്നത്. അദ്ദേഹത്തിന്‍റെ പെരുമാറ്റത്തിൽ അതുണ്ട്. ഒരു ജനപ്രതിനിധി എങ്ങനെ ആവരുത് എന്നതിന് ഉദാഹരണമാണ് സുരേഷ് ഗോപി എന്നും മൊയ്തീൻ മീഡിയവണിനോട് പറഞ്ഞു.
പൂര നഗരിയിലേക്ക് താൻ ആംബുലൻസിൽ പോയിട്ടില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നുമായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്. ''പൂരം കലക്കല്‍ നിങ്ങള്‍ക്കിത് ബൂമറാങ്ങാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് എത്തിയത്. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്‌ച മായക്കാഴ്‌ചയാണോ യഥാര്‍ഥ കാഴ്‌ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം. നേരിടാന്‍ ഞാന്‍ തയ്യാറാണ്. സിബിഐയെ ക്ഷണിച്ചുവരുത്താൻ ചങ്കൂറ്റമുണ്ടോ എന്നും'' സുരേഷ് ഗോപി വെല്ലുവിളിച്ചിരുന്നു.