മോഡലുകളുടെ അപകട മരണം; സൈജു തങ്കച്ചനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും
സൈജുവിന്‍റെ ഔഡി കാര്‍ കസ്റ്റഡിയില്‍ എടുത്ത് കൂടുതല്‍ തെളിവെടുപ്പ് നടത്തും
കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. സൈജുവിന്‍റെ ഔഡി കാര്‍ കസ്റ്റഡിയില്‍ എടുത്ത് കൂടുതല്‍ തെളിവെടുപ്പ് നടത്തും. നമ്പര്‍ 18 ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളിലെ മുഴുവന്‍ ആളുകളെയും കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.
സൈജു തങ്കച്ചന്‍ മോഡലുകളുടെ കാറിനെ എന്തിന് പിന്തുടര്‍ന്നു എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും പ്രതിയുടെ സാന്നിധ്യത്തില്‍ ഔഡി കാറുമായി തെളിവെടുപ്പ് നടത്താനുമാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. സൈജുവിനെതിരായ മറ്റൊരു പരാതിയില്‍ പൊലീസ് വഞ്ചന കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. മോഡലുകളുടെ കാറോടിച്ച അബ്ദുറഹ്മാനെയും ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെയും സൈജുവിനൊപ്പമിരുത്തി വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
അബ്ദുറഹ്മാനെതിരെ സൈജു പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന. കുണ്ടന്നൂരില്‍ വച്ച് അബ്ദുറഹ്മാനും സൈജുവും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് കാറുകളുടെ മത്സരയോട്ടം നടന്നതെന്നാണ് വിവരം. നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്ക് വീണ്ടെടുക്കാനായില്ലെങ്കിലും ലഭ്യമായ സിസി ടിവി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഹോട്ടലിലുണ്ടായിരുന്ന ആളുകളെ കണ്ടെത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം കൂടുതല്‍ പേരെ കേസില്‍ പ്രതി ചേര്‍ത്തേക്കും.