പ്രതിയെ കേരള പൊലീസിന് കൈമാറി; അറസ്റ്റ് സ്ഥിരീകരിച്ച് റെയിൽവെ മന്ത്രി
റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നോട്ട് ബുക്കിലെ കുറിപ്പിൽ 'കാർപെന്റർ' എന്ന വാക്ക് ആവർത്തിച്ച് രേഖപ്പെടുത്തിയിരുന്നു
ന്യൂഡൽഹി: എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ മഹാരാഷ്ട്ര എടിഎസ് പിടികൂടിയ ഷാരൂഖ് സെയ്ഫിയെ കേരള പൊലീസിന് കൈമാറി. അതേസമയം, പ്രതിയുടെ അറസ്റ്റ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സ്ഥിരീകരിച്ചു.
രത്‌നഗിരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.നോയ്ഡയിൽ മരപ്പണിക്കാരനായ ഷാരൂഖ് സെയ്ഫിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പിടിയിലായ ആളിന് ട്രെയിനിൽ കണ്ട ആളുമായി രൂപസാദൃശ്യമുണ്ടെന്ന് സാക്ഷി ലതീഷ് പറഞ്ഞിരുന്നു. പൊലീസ് പുറത്ത് വിട്ട ചിത്രത്തിൽ പ്രതി ഷാറൂഖ് സെയ്ഫിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുമുണ്ട്.
ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.
പുലർച്ചെ രണ്ടുമണിക്കാണ് പൊലീസ് നടത്തിയ പരിശോധനയിൽ അക്രമിയുടേതെന്ന് കരുതുന്ന ബാഗ് കണ്ടെത്തുന്നത്. ബാഗിൽ ദ്രാവകം നിറച്ച കുപ്പിയടക്കമുള്ള വസ്തുക്കൾ കണ്ടെത്തുന്നത്. പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും ബാഗ് വിശദമായി പരിശോധിച്ചു. ബാഗിൽ നിന്ന് മൊബൈൽ ഫോണും പെട്രോൾ നിറച്ച കുപ്പിയും കണ്ടെത്തി. തിയ്യതി വെച്ച് ഡയറി പോലെ എഴുതിയ നോട്ട്ബുക്കും ബാഗിലുണ്ടായിരുന്നു. ഇംഗ്ലീഷിലാണ് എഴുതിയിരുന്നത്. നിരവധി ആണികളും ടിഫിൻ ബോക്‌സും കണ്ടെത്തി. ടിഫിൻ ബോക്‌സിൽ ഭക്ഷണമാണ് ഉണ്ടായിരുന്നത്. കണ്ണട, നാണയങ്ങൾ, ടീ ഷർട്ട് എന്നിവയും ബാഗിലുണ്ടായിരുന്നു. മാർച്ച് 30നാണ് ഫോൺ അവസാനമായി പ്രവർത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
മോട്ടറോള കമ്പനിയുടെ സിം കാർഡ് ഇല്ലാത്ത പഴയ മൊബൈൽ ഫോണാണ് ബാഗിലുണ്ടായിരുന്നത്. ഫോണിൽ നിന്ന് പോയ കോളുകൾ, ഫോണിലേക്ക് വന്ന കോളുകൾ, അവസാനത്തെ ടവർ ലൊക്കേഷൻ അടക്കം കണ്ടെത്താനുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. ബാഗില്‍ നിന്ന് കണ്ടെടുത്ത കുറിപ്പിൽ ചിറയിൻകീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചൽ, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് രേഖപ്പെടുത്തിയത്. നോട്ട് ബുക്കിലെ കുറിപ്പിൽ കാർപെന്റർ എന്ന വാക്ക് ആവർത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. നോയിഡ വിലാസമുള്ള സ്ലിപ്പും കണ്ടെത്തിയിരുന്നു.