'ടി.പിയുടെ അമ്മ ഹൃദയംപൊട്ടിയാണ് മരിച്ചത്'; പ്രതികൾക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കെ.കെ രമ
അമ്മയേയും കുടുംബത്തേയും കുറിച്ച് പറഞ്ഞ പ്രതികൾ ചന്ദ്രശേഖരന്റെ കുടുംബത്തെക്കുറിച്ച് ഓർത്തില്ലെന്നും കെ.കെ രമ
കൊച്ചി: ടി.പി ചന്ദ്രശേഖരൻ്റെ അമ്മ ഹൃദയം പൊട്ടിയാണ് മരിച്ചതെന്ന് കെ.കെ രമ എം.എൽ.എ. അമ്മയേയും കുടുംബത്തേയും കുറിച്ച് പറഞ്ഞ പ്രതികൾ ചന്ദ്രശേഖരൻ്റെ കുടുംബത്തെക്കുറിച്ച് ഓർത്തില്ല. കേസിൽ വധശിക്ഷയിൽ കുറഞ്ഞത് ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും രമ കൊച്ചിയിൽ പറഞ്ഞു.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ നിരപരാധികളാണെന്ന് പ്രതികൾ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായി കേസിൽ കുടുക്കിയതാണെന്ന് സി.കെ രാമചന്ദ്രൻ കോടതിയെ അറിയിച്ചു. പ്രതികളുടെ ശാരീരിക മാനസിക അവസ്ഥ സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. റിപ്പോർട്ടിൻ്റെ പകർപ്പ് പ്രതിഭാഗം അഭിഭാഷകർക്ക് നൽകാൻ കോടതി ഉത്തരവിട്ടു. കേസ് നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കേസിൽ ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജ്യോതി ബാബു ഒഴികെ 11 പ്രതികളും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിരപരാധിയാണെന്നും പ്രതികൾ കോടതിയെ അറിയിച്ചു. വധശിക്ഷയായി ശിക്ഷ ഉയർത്തുന്നതിനെതിരെ എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടോ എന്ന ചോദ്യത്തിനായിരുന്നു പ്രതികളുടെ മറുപടി.
ആരോഗ്യപ്രശ്നങ്ങളും കുടുംബപശ്ചാത്തലവും ദീർഘനാളായി ജയിലിൽ കഴിഞ്ഞതുമാണ് മിക്ക പ്രതികളും ചൂണ്ടിക്കാട്ടിയത്. രാഷ്ട്രീയബന്ധം ഉള്ളതിനാൽ കേസിൽ കുടുക്കിയതാണെന്ന് സി.കെ രാമചന്ദ്രൻ കോടതിയിൽ വാദിച്ചു. വിചാരണ കോടതി ജീവപര്യന്തം ശിക്ഷിച്ച കിർമാണി മനോജും കൊടി സുനിയും ഉൾപ്പടെയുള്ള ഒൻപത് പേരാണ് കോടതിയിൽ ഹാജരായത്.
പ്രതികളുടെ മാനസിക ശാരീരിക റിപ്പോർട്ട് ജയിൽ സൂപ്രണ്ട് കോടതിയിൽ സമർപ്പിച്ചു. ഇതിൻ്റെ പകർപ്പ് പ്രതികളുടെ അഭിഭാഷകർക്ക് ലഭ്യമാക്കാനും കോടതി ഉത്തരവിട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. അഭിഭാഷകരുടെ വാദം പൂർത്തിയായാൽ കേസിൽ നാളെ വിധിയുണ്ടാകാനാണ് സാധ്യത. പ്രതികളുടെ ശിക്ഷ ഉയർത്തണമെന്നാവശ്യപ്പെട്ട് സർക്കാരും കെ.കെ രമയും നൽകിയ അപ്പീലിലാണ് കോടതി നടപടി.