മകനെ മർദ്ദിക്കുന്നത് കണ്ടു, ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നത് ഭയമൂലം: കൊല്ലപ്പെട്ട ദീപുവിന്റെ അചഛൻ

കമ്യൂണിസ്റ്റ് പാർട്ടിക്കാരായ ചിലർ കൊല്ലുമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

Update: 2022-02-20 10:51 GMT
Advertising

കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിനെ മർദ്ദിക്കുന്നത് കണ്ടുവെന്നും ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നത് ഭയമൂലമാണെന്നും അചഛൻ കുഞ്ഞാറു. മകനെ തല്ലുന്നത് കണ്ട് ഓടിച്ചെല്ലുകയായിരുന്നെന്നും പിടിച്ച് മാറ്റാൻ ശ്രമിച്ചപ്പോഴും മർദ്ദിച്ചുവെന്നും കൊല്ലുമെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്നും പിതാവ് പറഞ്ഞു. ചികിത്സ തേടാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ഭയന്നാണ് ആദ്യം ദീപുവിനെ ആശുത്രിയിൽ വിടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അറിയാവുന്നവർ തന്നെയാണ് മർദ്ദിച്ചതെന്നും രക്തം തുപ്പിയപ്പോഴാണ് ആശുപത്രിയിൽ പോയതെന്നും കുഞ്ഞാറു പറഞ്ഞു. പാർട്ടി നോക്കിയല്ല ദീപു പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിക്കാരായ ചിലർ കൊല്ലുമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ദീപുവിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ദീപുവിന്റെ തലയിൽ രക്തം കട്ടപിടിച്ചിരുന്നു. തലയോട്ടിയിൽ രണ്ടിടത്ത് ക്ഷതമേറ്റിട്ടുണ്ടായിരുന്നു. ബ്രെയിൻ ഡെത്ത് നേരത്തെ തന്നെ സംഭവിച്ചിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കരൾ രോഗം മൂർഛിച്ചതും ദീപുവിന്റെ ആരോഗ്യനില വഷളാക്കി. ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതോടെ മരണം സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം സംസ്കരിച്ചു. കാക്കനാട് അത്താണിയിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. മൃതദേഹം വീട്ടിലും കിഴക്കമ്പലത്തും പൊതുദർശനത്തിന് വെച്ചിരുന്നു.

കൊലപാതകം രാഷ്ട്രീയപ്രേരിതമെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. പ്രതികൾ സി പി എം പ്രവർത്തകരാണെന്നും എഫ് ഐ ആർ വ്യക്തമാക്കുന്നു. ദീപുവിനെ മർദിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്ന് എഫ് ഐ ആർ വ്യക്തമാക്കുന്നു. ട്വന്റി ട്വന്റി പ്രവർത്തകനായതിന്റെ രാഷ്ട്രീയ വിരോധമാണ് അതിന് കാരണം. ദീപുവിനെ സിപിഎം പ്രവർത്തകരായ പ്രതികൾ പലതവണ മർദ്ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണി പെടുത്തിയെന്നും എഫ്‌ഐആർ വ്യക്തമാക്കുന്നു. കേസിൽ നാല് പ്രതികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ചേലക്കുളം സ്വദേശികളായ സൈനുദ്ദീൻ , ബഷീർ, അബ്ദുൽ റഹ്‌മാൻ , അസീസ് എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ദീപുവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്.

ദീപുവിന്‍റെ സംസ്കാര ചടങ്ങിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് പങ്കെടുത്ത സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ് എടുത്തിട്ടുളളത്. കൊലപാതകത്തില്‍ സി.പി.എം കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സി.പി.എം പ്രവർത്തകരാണെന്ന് എഫ്.ഐ.ആറില്‍ വ്യക്തമായതോടെയാണ് പാർട്ടിക്ക് കുരുക്ക് മുറുകിയത്. ട്വന്‍റി ട്വന്‍റി പ്രവർത്തകനായതിന്‍റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട്. അതേസമയം ദീപുവിന്‍റെ കൊലപാതകത്തില്‍ അന്വേഷണം തുടരുകയാണ്. പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. എന്നാല്‍ സംഭവത്തില്‍ സി.പി.എം ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Full View

Achan Kunjaru said that he saw Twenty20 activist Deepu being beaten up by a team, in kizhakkambalam, murder, 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News