നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്​പെൻഡ് ​ചെയ്യൽ ഉടനുണ്ടാകില്ല

സുരാജിനെതിരായ പരാതി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷിക്കും

Update: 2024-02-29 04:50 GMT

Suraj Venjaramoodu

Advertising

കൊച്ചി: അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ കേസിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിൽ നടപടി നീളും. പൊലീസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ മാത്രം നടപടി പാടില്ലെന്ന സർക്കുലറിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം.

പുതിയ ഉത്തരവിനെ തുടർന്ന് സുരാജിനെതിരായ പരാതി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷിക്കും. 2023 ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിലിടിച്ച് മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. പാലാരിവട്ടം പൊലീസ് കേസെടുത്ത് മോട്ടോർ വാഹന വകുപ്പിനു കൈമാറുകയായിരുന്നു.

ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണം കാണിക്കണമെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് മൂന്നു തവണ നോട്ടീസ് നൽകിയിട്ടും സുരാജ് പ്രതികരിച്ചിരുന്നില്ല. തുടർന്ന് ലൈസൻസ് സസ്​പെൻഡ് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.

ഇതിനിടയിലാണ് ​​ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം വരുത്തി ഗതാഗത കമീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയത്. പൊലീസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ മാത്രം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുതെന്നാണ് നിര്‍ദേശം. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കേസ് പ്രത്യേകമായി അന്വേഷിച്ച് വേണം നടപടിയെടുക്കാൻ.

റോഡ് അപകടങ്ങളില്‍ പൊലീസ് തയാറാക്കുന്ന എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹന ഉടമയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്. സത്യം തെളിയിക്കാൻ വേണ്ട സമയം പോലും വാഹനം ഉടമകള്‍ക്ക് കൊടുക്കാറില്ലേ എന്ന് പല കേസുകളിലും ഹൈകോടതി ചോദിച്ചിട്ടുണ്ട്. അതിനാല്‍ പല കേസുകളും കോടതിയില്‍ തള്ളിപ്പോകാറുണ്ട്.

സ്വാഭാവിക നീതി ഉറപ്പാക്കാനാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം വരുത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കേസ് പ്രത്യേകമായി അന്വേഷിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വേണം ഇനി ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യേണ്ടത്. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ തൊട്ട് താഴോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഗതാഗത കമ്മീഷണര്‍ എ.ഡി.ജി.പി എസ്. ശ്രീജിത്ത് നിര്‍ദേശം നല്‍കിയത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News