"പേരിൽ വാലുണ്ടെങ്കിൽ കരിയറിൽ ഒരു ഗ്രോത്ത് ഉണ്ടാവും, അങ്ങനെയാണ് നമ്പ്യാർ എന്ന പേര് ചേർത്തത്"; മഹിമ നമ്പ്യാർ
പേരിനൊരു വാലുണ്ടെങ്കിൽ കരിയറിന് ഗ്രോത്തുണ്ടാകും അല്ലാതെ ഇതിന് ജാതിയും മതവുമായൊന്നും ഒരു ബന്ധവുമില്ലെന്നും മഹിമ പറഞ്ഞു
കൊച്ചി: കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ സിനിമ കരിയർ ആരംഭിച്ച താരമാണ് മഹിമ നമ്പ്യാർ. കഴിഞ്ഞ വർഷം റിലീസായ ആർ.ഡി.എക്സ് സിനിമയിലെ വേഷം താരത്തിന് ശ്രദ്ധ നേടി കൊടുത്തു. മഹിമയുടെ പുതിയ ചിത്രമായ ജയ് ഗണേഷിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് റെഡ്.എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലെ താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഗോപിക എന്നായിരുന്നു തന്റെ പേര് എന്ന് മുൻപ് പല അവസരങ്ങളിലും നടി തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ മഹിമ എന്ന പേരിനൊപ്പം നമ്പ്യാർ ചേർത്തതിനെ കുറിച്ച് പറഞ്ഞതാണ് ചർച്ചകൾക്ക് വഴിവെച്ചത്. പേരിൽ ഒരു വാലുണ്ടെങ്കിൽ കരിയറിന് ഒരു ഗ്രോത്തൊക്കെയുണ്ടാകും അങ്ങനെയാണ് മഹിമ നമ്പ്യാർ എന്ന പേര് ചേർത്തത്, അല്ലാതെ ഇതിന് ജാതിയും മതവുമായൊന്നും ഒരു ബന്ധവുമില്ലെന്ന് മഹിമ പറയുന്നു.
"ഇപ്പോഴും റെക്കോർഡിക്കലി എന്റെ പേര് ഗോപിക പി.സി എന്നാണ്. പാലാട്ട് ചിറക്കര വീട്ടിൽ ഗോപിക. വലിയ പേരാണ്. കാര്യസ്ഥനായിരുന്നു എന്റെ ആദ്യ പടം. അതിൽ ഗോപിക തന്നെയാണ്. അതിനുശേഷം തമിഴിൽ പ്രഭു സോളമൻ സാറിന്റെ സിനിമയാണ് ചെയ്തത്. ഗോപിക എന്ന പേരിൽ നടിയുണ്ടല്ലോ. ആ സമയത്ത് ഗോപിക ചേച്ചി നല്ല സജീവമായി വർക്ക് ചെയ്യുകയായിരുന്നു. അതിനാലാണ് പേര് മാറ്റിയത്. എന്റെ പേര് മാറ്റിയ കാര്യം ഗൂഗിളിൽ കണ്ടാണ് ഞാൻ അറിഞ്ഞത്. എന്നെ ഈ പടത്തിൽ സെലക്ട് ചെയ്തതും ഇന്റർനെറ്റിലൂടെയാണ് അറിഞ്ഞത്. സിനിമയുടെ പേര് ഗൂഗിൾ ചെയ്തപ്പോൾ ഫോട്ടോ കണ്ടു. മഹിമയാണ് ഹീറോയിൻ എന്ന് കണ്ടു. മഹിമ എന്ന് വന്നതിന് ശേഷം പേരിനൊരു വാലുണ്ടെങ്കിൽ കരിയറിന് ഗ്രോത്തുണ്ടാകും. അങ്ങനെയാണ് നമ്പ്യാർ എന്ന പേര് ആഡ് ചെയ്യുന്നത്. അല്ലാതെ ഇതിന് ജാതിയും മതവുമായൊന്നും ഒരു ബന്ധവുമില്ല." മഹിമ അഭിമുഖത്തിൽ പറഞ്ഞു.
"പേരിൽ വാലുണ്ടെങ്കിൽ കരിയറിൽ ഒരു ഗ്രോത് ഒക്കെ ഉണ്ടാവും", അതിൽ ഉണ്ട് എല്ലാം. എന്നിട്ട് അതിന് ജാതിയുമായി ഒരു ബന്ധവും ഇല്ലത്രേ. ഹോ, നിഷ്കളങ്കത വഴിഞ്ഞൊഴുകുന്നു. ഇത്തരത്തിലുള്ള നിഷ്കളങ്കരാണ് യഥാർത്ഥത്തിൽ ജാതി ചിന്തകൾ പരത്തുന്നതെന്നും സോഷ്യൽ മീഡിയ വിഷയത്തിൽ പ്രതികരിക്കുന്നു.