നീതിപീഠത്തിന്റെ വിധി പ്രസ്താവങ്ങളെ തകിടംമറിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നു; സർക്കാറിനെതിരെ ഓർത്തഡോക്‌സ് സഭാധ്യക്ഷൻ
'യാക്കോബായ ഓർത്തഡോക്‌സ് തർക്കത്തിൽ പൊതു ജനാഭിപ്രായം തേടി കോടതി വിധി നടപ്പാക്കണമെന്ന ആശയം നിരുത്തരവാദപരമാണ്'
കോട്ടയം: സർക്കാർ നിലപാടുകൾക്ക് വിമർശനവുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ. പരമോന്നത നീതിപീഠത്തിന്റെ വിധി പ്രസ്താവങ്ങളെ തകിടം മറക്കുന്ന രീതിയിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. കേരള സർക്കാറിന്റെ ഇത്തരം നടപടികൾ ആശങ്കാജനകമാണെന്ന് സഭാധ്യക്ഷൻ പറഞ്ഞു.
യാക്കോബായ ഓർത്തഡോക്‌സ് തർക്കത്തിൽ പൊതു ജനാഭിപ്രായം തേടി കോടതി വിധി നടപ്പാക്കണമെന്ന ആശയം നിരുത്തരവാദപരമാണെന്നും നിയമവാഴ്ച ഉറപ്പാക്കേണ്ട സർക്കാറിന്റെ ഇത്തരം നടപടികൾ ആപൽക്കരമാണെന്നും അദ്ദേഹം പറഞ്ഞു. സഭ എല്ലാക്കാലവും ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിച്ചാണ് മുന്നേറിയത്. ഈ വെല്ലുവിളികളേയും സഭ പ്രാർത്ഥനാപൂർവ്വം അതിജീവിക്കുമെന്നും ഇന്ന് ചേർന്ന മാനേജിംഗ് കമ്മിറ്റിയോഗത്തിൽ അദ്ദേഹം പറഞ്ഞു.
എന്നാല്‍ കെ റെയിൽ നടപ്പാക്കുന്നതിന് എതിരല്ലെന്നും അത് ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉണ്ടാകുന്ന തരത്തിലാവരുതെന്നും സഭാധ്യക്ഷൻ കൂട്ടിച്ചേർത്തു.