ദത്ത് വിവാദം; അനുപമയുടെ അച്ഛൻ ജയചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

അനുപമയുടെ അമ്മയടക്കമുള്ളവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു

Update: 2021-11-25 09:13 GMT
Advertising

അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്തു നൽകിയ കേസിലെ ഒന്നാം പ്രതിയും അനുപമയുടെ അച്ഛനുമായ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീ.സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. പി.എസ്. ജയചന്ദ്രന് മുൻകൂർ ജാമ്യം ആവശ്യമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പൊലീസ് റിപ്പോർട്ട് അനുസരിച്ച് ജയചന്ദ്രൻ്റേത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതിയാണ് ജയചന്ദ്രൻ. അനുപമയുടെ അമ്മയടക്കമുള്ളവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

അതേസമയം, സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായ ഷിജുഖാനെ സംരക്ഷിച്ച് സി.പി.എം നേതൃത്വം രംഗത്തുവന്നു. ഷിജുഖാന്റെ ഭാഗത്തുനിന്ന് നിയമപരമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കുറ്റം തെളിയാത്ത പശ്ചാത്തലത്തില്‍ ആരെങ്കിലും സമരം ചെയ്യുന്നു എന്ന് കരുതി നടപടി എടുക്കാനാവില്ല. ഇനിയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

എന്നാല്‍, ഉന്നതരുടെ പേരുകള്‍ പുറത്തുവരുമെന്ന ഭയത്തിലാണ് പാര്‍ട്ടി ഷിജുഖാനെ സംരക്ഷിക്കുന്നതെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അനുപമ. ഷിജുഖാന്‍ മാത്രമാണ് ഇതിന്റെ പിന്നിലെന്ന് വിശ്വസിക്കുന്നില്ലെന്നാണ് അനുപമയുടെ വാദം. ആനാവൂര്‍ ഉള്‍പ്പടെയുള്ള ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. ശിശുക്ഷേമ സമിതി അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രിയുടെ മൗനം ആശങ്കയുണ്ടാക്കുന്നതാണെന്നും അനുപമ മീഡിയവണിനോട് പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിച്ചെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുംവരെ പ്രതിഷേധം തുടരുമെന്നും സമര രീതി മാറ്റുന്നതിനെകുറിച്ച് സമരസമിതി അംഗങ്ങളോട് കൂടി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അനുപമ വ്യക്തമാക്കി. 

Adoption controversy; Anupama's father Jayachandran's anticipatory bail rejected

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News