പാലക്കാട് ചാത്തനൂരില്‍ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം;പൊറുതിമുട്ടി നാട്ടുകാര്‍
കൃഷി നാശമുണ്ടാക്കുന്ന ഒച്ചുകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കും
പാലക്കാട്: പാലക്കാട് ചാത്തനൂരിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം. 'അച്ചാറ്റിന് ഫ്യുലിക്ക' എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഭീമൻ ഒച്ചുകളാണ് പ്രദേശത്തെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത് . കൃഷി നാശമുണ്ടാക്കുന്ന ഒച്ചുകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കും.
ആഫ്രിക്കൽ ഒച്ചുകളുടെ ഭീഷണിയിലാണ് തൃത്താല ചാത്തന്നൂരിലെ പ്രദേശവാസികൾ. ഭീമൻ ഒച്ചുകൾ പ്രദേശത്തെ ജനജീവിതം ബുദ്ധിമുട്ടിലാക്കിയ സ്ഥിതിയാണ്. ഈ ഒച്ചിന്‍റെ സ്രവവും കാഷ്ടവും ത്വക്ക് രോഗങ്ങൾക്ക് കാരണമാകും. പ്രതികൂല കാലാവസ്ഥയിൽ പോലും മൂന്ന് വർഷം തോടിനുള്ളിൽ ജീവിക്കാൻ സാധിക്കുന്ന ഇവയ്ക്ക് രോഗങ്ങൾ പരത്താൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട് . പ്രദേശത്തെ കൃഷിയിടങ്ങൾക്കും ഒച്ച് വില്ലനാണ്. ഇവയുടെ ആക്രമണത്തിൽ വിളകൾ നശിക്കുകയാണ്.
ഉപ്പും ബ്ലീച്ചിംഗ് പൗഡറും വിതറുന്നത് ഇവയെ നശിപ്പിക്കും. അപ്പോഴും ചത്ത ശേഷം തോടുകൾ കെട്ടിക്കിടക്കുന്നത് അസഹ്യമായ ദുർഗന്ധം സൃഷ്ടിക്കും. അതിവേഗമാണ് ഇവ പെരുകുന്നത്. സംഭവത്തിൽ ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.