വ്യാജരേഖ ചമച്ച കേസ് അഗളി പൊലീസ് ഇന്ന് ഏറ്റെടുക്കും; ഒറിജിനൽ കണ്ടെത്തുക പ്രധാന വെല്ലുവിളി
ഒളിവിലുള്ള കെ.വിദ്യക്കായി അന്വേഷണം ഊർജിതമാക്കും
കൊച്ചി: മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസ് അഗളി പൊലീസ് ഇന്ന് ഏറ്റെടുക്കും. കേസിൽ പ്രതിയായ കെ.വിദ്യയെ ചോദ്യം ചെയ്യുന്നത് അടക്കുമുള്ള നടപടികളിലേക്ക് ഇന്ന് അന്വേഷണസംഘം കടന്നേക്കും. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് കെ.എസ്.യുവിന്റെ തീരുമാനം.
ആശയക്കുഴപ്പങ്ങൾക്കൊടുവിൽ അഗളി പൊലീസ് കേസ് ഏറ്റെടുക്കുന്നതോടെ അന്വേഷണം വേഗത്തിലാകും. മഹാരാജാസ് കേളജിൽ നിന്ന് കൊച്ചി പൊലീസ് ശേഖരിച്ച വിവരങ്ങൾ കൂടി ഇന്ന് അഗളി പൊലീസിന് ലഭിക്കും. വ്യാജരേഖയുടെ ഒറിജിനൽ കണ്ടെത്തുകയാകും അഗളി പൊലീസിന്റെ ആദ്യ നീക്കം. ഒളിവിലുള്ള വിദ്യക്കായുള്ള അന്വേഷണവും ഊർജിതമാക്കും. അതിനിടെ കരിന്തളം ഗവ. കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് നിയമനം നേടിയതിലും കോളജ് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും ഇന്ന് ആരംഭിക്കും.
കേസിൽ അന്വേഷണം പുരോഗമിക്കുമ്പോഴും പ്രതിഷേധം ശക്തമാക്കാനാണ് കെ.എസ്.യുവിന്റെ തീരുമാനം. സംസ്‌കൃത സർവകലാശാലയിലേക്ക് ഇന്ന് കെ.എസ്.യു മാർച്ച് നടത്തും. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്‌കൃത സർവകലാശാലയും അന്വേഷണത്തിലേക്ക് കടന്നേക്കും. ഇത് സംബന്ധിച്ച് അന്വഷേണം വേണമെന്ന് സർവകാലാശാല വിസിയോട് മലയാളം വിഭാഗം ആവശ്യപ്പെട്ടിരുന്നു.