നിയമലംഘനത്തിൽ കുറവ്; പരിശോധിച്ചപ്പോള്‍ എ.ഐ കാമറ തകർന്നുവീണ നിലയില്‍

കോഴിക്കോട് ബീച്ചിന് സമീപം സ്ഥാപിച്ച എ.ഐ കാമറയാണ് തകര്‍ന്നുവീണത്

Update: 2023-07-02 02:54 GMT
Advertising

കോഴിക്കോട്: കോഴിക്കോട് ബീച്ചിന് സമീപം സ്ഥാപിച്ച എ.ഐ കാമറ തകർന്നുവീണു. ഈ ഭാഗത്തെ ഗതാഗത നിയമലംഘനത്തിൽ കുറവ് വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാമറ തകർന്ന് വീണതായി കണ്ടെത്തിയത്. കാമറ ഘടിപ്പിച്ച ഇരുമ്പ് കമ്പി ദ്രവിച്ചതാണ് കാമറ വീഴാൻ കാരണമെന്നാണ് നിഗമനം.

കഴിഞ്ഞ ഒരാഴ്ചയായി ബീച്ച് റോഡ് വഴിയുള്ള ഗതാഗത നിയമലംഘനത്തില്‍ കുറവ് വന്നതോടെയാണ് സൗത്ത് ബീച്ചിൽ സ്ഥാപിച്ചിരുന്ന എ.ഐ കാമറ ഉദ്യോഗസ്ഥർ പരിശോധിച്ചത്. ഉദ്യോഗസ്ഥ പരിശോധനയിൽ കാമറ നിലംപതിച്ചത് കണ്ടെത്തി. കാമറ ഘടിപ്പിച്ച ഇരുമ്പ് കമ്പിയുടെ ആണി കടൽക്കാറ്റ് ഏറ്റ് തുരുമ്പെടുത്ത് ദ്രവിച്ച് കാമറ നിലത്ത് വീണതാകാമെന്നാണ് നിഗമനം.

കാമറയ്ക്ക് വൈദ്യുതി നൽകുന്ന സോളാർ പാനലും തകർന്ന് വീണു. എ.ഐ കാമറ പ്രവർത്തനം ആരംഭിക്കുന്നതിന് ഒരു മാസം മുൻപേ കാമറകൾ സ്ഥാപിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ 63 കാമറകളിൽ 14 എണ്ണം നഗര പരിധിയിലാണ് സ്ഥാപിച്ചത്. തകർന്നുവീണ കാമറ കെൽട്രോൺ ഉദ്യോഗസ്ഥരെത്തി അറ്റകുറ്റ പണികൾക്കായി കൊണ്ടുപോയി. നിലം പതിച്ച സോളാർ പാനൽ ഉപയോഗശൂന്യമായ അവസ്ഥയിലാണ്.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News