മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് മ്യൂസിയത്തിൽ വെച്ചാൽ തന്നെ ലക്ഷങ്ങൾ കാണാനെത്തും- എ.കെ ബാലൻ
ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവമാണെന്നും ആർഭാടമാണെന്ന് പറഞ്ഞ് ആരും രംഗത്തുവരേണ്ടെന്നും എ.കെ ബാലൻ പറഞ്ഞു.
തിരുവനന്തപുരം: നവകേരള സദസ്സിനായി വാങ്ങിയ ബസ് ടെൻഡർ വെച്ച് വിറ്റാൽ ഇപ്പോൾ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്ന് സി.പി.എം നേതാവ് എ.കെ.ബാലൻ. ബസ് വാങ്ങാൻ ഇപ്പോൾ തന്നെ ആളുകൾ സമീപിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് മ്യൂസിയത്തിൽ വെച്ചാൽ തന്നെ ലക്ഷക്കണക്കിന് പേർ കാണാൻ വരും. ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവമാണെന്നും ആർഭാടമാണെന്ന് പറഞ്ഞ് ആരും രംഗത്തുവരേണ്ടെന്നും എ.കെ ബാലൻ പറഞ്ഞു.
"ലോകചരിത്രത്തിൽ ആദ്യാമായാവും ഒരു ചരിത്ര സംഭവം നടക്കുന്നത്. പ്രതിപക്ഷം മാറിനിൽക്കേണ്ട ഗതികേടിലെത്തി. അവരുടെ മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ എത്തി കാര്യങ്ങൾ കേൾക്കും. ഭരണയന്ത്രം എങ്ങനെയാണ് ചലിക്കാൻ പോകുന്നത് എന്നതിന്റെ ഉദാഹരണമാണിത്. നല്ല രീതിയിൽ നടന്ന കേരളീയത്തെ കള്ള പ്രചരണം നടത്തി ഇല്ലാതാക്കാൻ ശ്രമിച്ചു. ഇവിടെയും അതേ ശ്രമം യുഡിഎഫ് ബിജെപി സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും. അതിന്റെ ആദ്യപടിയാണ് ആഡംബര വാഹനമെന്ന പ്രചരണം"- എ.കെ ബാലൻ പറഞ്ഞു.
"ഈ വാഹനം ടെൻഡർ വെച്ച് വിൽക്കാൻ നിന്നാൽ ഇപ്പോൾ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടും. ഇപ്പോൾ തന്നെ അത് വാങ്ങാൻ ആളുകൾ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് മ്യൂസിയത്തിൽ വെച്ചാൽ തന്നെ ലക്ഷക്കണക്കിന് പേർ കാണാൻ വരും. പതിനായിരങ്ങളാകും ഈ ബസ് കാണാൻ വഴിയരികിൽ തടിച്ചു കൂടുക"- എ.കെ ബാലൻ കൂട്ടിച്ചേർത്തു.
കേന്ദ്രത്തിനെതിരായ രാഷ്ട്രീയ പ്രചരണമാണ് നവകേരള സദസ്സിന്റെ പ്രധാനഭാഗം. കേന്ദ്രത്തിനെതിരെ ഒരു നിലപാടും സ്വീകരിക്കാത്ത യുഡിഎഫിനേ തുറന്ന് കാട്ടുക എന്ന ലക്ഷ്യവുമുണ്ട്. മണ്ഡലത്തിലെ ജനങ്ങളെ കാണാൻ പാടില്ല, അവരുടെ പരാതി കേൾക്കാൻ പാടില്ല എന്നത് എന്ത് വാദമാണെന്നും എ.കെ ബാലൻ ചോദിക്കുന്നു.