എകെജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസ് നേതാക്കളെ പ്രതികളാക്കി കുറ്റപത്രം
കെപിസിസി ഓഫീസിനെതിരായ പ്രതിഷേധത്തിലുള്ള വൈരാഗ്യത്തിലാണ് ആക്രമണമെന്നും കുറ്റപത്രത്തിൽ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ പ്രതികളാക്കി ആദ്യഘട്ട കുറ്റപത്രം. സ്‌ഫോടക വസ്തു എറിഞ്ഞത് കഴക്കൂട്ടം ആറ്റിപ്ര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി. ജിതിനാണെന്നും ഇതിന് സുഹൃത്ത് ടി നവ്യ സഹായിച്ചെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലുള്ളത്.
കെപിസിസി ഓഫീസിനെതിരായ ഡിവൈഎഫ്‌ഐ പ്രതിഷേധത്തിലുള്ള വൈരാഗ്യത്തിലാണ് ആക്രമണമെന്നും തിരുവനന്തപുരം സിജിഎം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്..
നിലവിൽ രണ്ട് പേർക്കെതിരെ മാത്രമാണ് കുറ്റപത്രം. യൂത്ത് കോൺഗ്രസിന്റെ മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ഇയാളുടെ ഡ്രൈവർ സുധീഷ് എന്നിവരെ കൂടി കേസിൽ പിടികൂടാനുണ്ട്. സുധീഷിന്റെ സ്‌കൂട്ടറാണ് സ്‌ഫോടകവസ്തു എറിയാൻ പ്രതികൾ ഉപയോഗിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇവർ രണ്ടുപേരും വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇവർക്കെതിരായ പ്രത്യേക കുറ്റപത്രം അടുത്ത ദിവസം തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിക്കും.
ആക്രമണം നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് കെപിസിസി ഓഫീസിലേക്ക് സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഈ മാർച്ചിൽ പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് കയറി അക്രമം നടത്തിയതിന്റെ വൈരാഗ്യമാണ് എകെജി സെന്ററിൽ തീർത്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
2022 ജൂലൈ ഒന്നിനാണ് എകെജി സെന്ററിൽ സ്‌കൂട്ടറിലെത്തിയ ആൾ പടക്കം എറിഞ്ഞത്. സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. 85ാം ദിവസമാണ് വി.ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. പടക്കമെറിഞ്ഞത് ജിതിനാണെന്നും ജിതിന് സ്‌കൂട്ടർ എത്തിച്ച് നൽകിയത് നിവ്യയാണെന്നുമായിരുന്നു കണ്ടെത്തൽ.