സി.പി.ഐ ജില്ലാ സമ്മേളന പ്രചാരണ ബോർഡിൽ അലനും താഹയും

'റിപീൽ യു.എ.പി.എ' എന്ന മുദ്രാവാക്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Update: 2022-09-13 12:16 GMT
Advertising

യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിന്റേയും താഹാ ഫസലിന്റേയും ചിത്രം ഉൾപ്പെടുത്തി ബോർഡ് സ്ഥാപിച്ച് സി.പി.ഐ. ശനിയാഴ്ച മഞ്ചേരിയിൽ ആരംഭിക്കുന്ന മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി എ.ഐ.എസ്.എഫ് മഞ്ചേരി മണ്ഡലം കമ്മിറ്റി നഗരത്തിൽ സ്ഥാപിച്ച ബോർഡിലാണ് ഇരുവരുടെയും ചിത്രം ഉൾപ്പെടുത്തിയത്.

ഇവർക്കു പുറമെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മറ്റു പ്രമുഖരും ബോർഡിലുണ്ട്. 'റിപീൽ യു.എ.പി.എ' എന്ന മുദ്രാവാക്യവും 'യു.എ.പി.എ കരിനിയമം പൊതുപ്രവർത്തകർക്കെതിരെ ചുമത്താൻ പാടില്ല' എന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്ഥാവനയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 17,18,19 ദിവസങ്ങളിലായി മഞ്ചേരി ഹിൽട്ടൺ ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുക.

നിയമവിരുദ്ധ പ്രവർത്തനം തടയൽ (യു.എ.പി.എ) പ്രകാരം 2019 നവംബർ ഒന്നിനാണ് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് പിടികൂടിയത്. കേസിൽ ഇരുവർക്കും പിന്നീട് സുപ്രിംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. വിദ്യാർഥികളായ രണ്ടു പേർക്കെതിരെ ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന സംസ്ഥാനത്തെ പൊലീസ് തന്നെ യു.എ.പി.എ ചുമത്തിയത് വലിയ പ്രതിഷേധത്തിന് ഇട‍യാക്കിയിരുന്നു.

ഇതിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമർശനം സി.പി.ഐയുടെ മറ്റു ജില്ലാ സമ്മേളനങ്ങളിലും ഉണ്ടായിരുന്നു. മലപ്പുറത്തും ഇത് ആവർത്തിക്കുമെന്ന സൂചനയാണ് ബോർഡിലൂടെ നൽകുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News