ആലപ്പുഴയിൽ ഭക്ഷ്യവിഷബാധയാരോപിച്ച് പൊലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു
ഭക്ഷണം കഴിച്ച ശേഷം മകന് ദേഹാസ്വാസ്ഥ്യമുണ്ടായെന്നും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെന്നും പറഞ്ഞായിരുന്നു ആക്രമണം.
ആലപ്പുഴ: ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് ആലപ്പുഴയിൽ പൊലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു. ആലപ്പുഴ കളർകോടുള്ള അഹ്‌ലൻ കുഴിമന്തിയിലാണ് സംഭവം. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫ് ആണ് അക്രമം നടത്തിയത്.
ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം. വടിവാളുമായി എത്തിയ ജോസഫ് ആദ്യം ഹോട്ടലിന്റെ ചില്ലുകൾ അടിച്ചു. ബൈക്ക് ഓടിച്ച് കടയ്ക്കുള്ളിലേക്ക് കയറ്റുകയും ചെയ്തു. ഹോട്ടൽ ജീവനക്കാരെ വടിവാളുമായി ആക്രമിക്കാൻ ശ്രമിച്ചു. ദേശീയപാതയ്ക്കരികിലെ ഹോട്ടലിൽ അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജോസഫിനെ ആലപ്പുഴ സൗത്ത് പൊലീസ് എത്തി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.
നാളെ രാവിലെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഒരാഴ്ച മുമ്പ് ഭാര്യയും മകനുമൊപ്പം ജോസഫ് ഇവിടെ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം മകന് ദേഹാസ്വാസ്ഥ്യമുണ്ടായെന്നും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായും പറഞ്ഞായിരുന്നു ആക്രമണം.
ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് ഹോട്ടലുകാർ പറയുന്നു. മകൻ രണ്ട് ദിവസം മുമ്പ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നെന്നും ഭക്ഷ്യവിഷബാധയുണ്ടായി മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്നുമായിരുന്നു പൊലീസുകാരന്റെ ആരോപണം.