വഴിമാറിക്കൊടുത്തില്ലെന്ന് ആരോപിച്ച് ആശുപത്രിക്കുള്ളിൽ യുവാവിന് ആംബുലൻസ് ഡ്രൈവർമാരുടെ ക്രൂരമര്‍ദനം
അപകടമുണ്ടാക്കിയത് ആംബുലന്‍സ് ഡ്രൈവറാണെന്നും ഇത് പുറത്ത് വരാതിരിക്കാനാണ് മര്‍ദിച്ചതെന്നും യുവാവിന്‍റെ കുടുംബം
തിരുവനന്തപുരം: ആംബുലൻസിന് വഴിമാറിക്കൊടുത്തില്ലെന്നാരോപിച്ച് യുവാവിന് ആംബുലൻസ് ഡ്രൈവർമാരുടെ മർദനം. ഇന്നലെ രാത്രി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലാണ് സംഭവം. വള്ളക്കടവ് സ്വദേശി റഹീസ് ഖാനാണ് മർദനമേറ്റത്. ആശുപത്രിയിലെ കാഷ്വാലിറ്റിയ്ക്ക് പുറത്തു വെച്ചാണ് ഒരു സംഘം ഡ്രൈവർമാർ യുവാവിനെ മർദിച്ചത്. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. മലയിൻകീഴ് നിന്ന് കഴക്കൂട്ടത്തെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു റഹീസ് ഖാനും കുടുംബവും. കഴക്കൂട്ടത്തിന് സമീപം വച്ച് ആംബുലൻസ് ഡ്രൈവർ റഹീസ് ഖാന്റെ പിക്ക് അപ് വാഹനത്തെ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വണ്ടി മറിഞ്ഞു. വണ്ടിയിൽ റഹീസും ഭാര്യയും മൂന്ന് കുട്ടികളുമാണ് ഉണ്ടായിരുന്നത്. വണ്ടി മറിഞ്ഞപ്പോൾ കുട്ടികളിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആംബുലൻസ് ഡ്രൈവർ കുട്ടിയെ എസ്.എ.ടി. ആശുപത്രിയിൽ എത്തിച്ചു. ഇതിന് പിന്നാലെയാണ് റഹീസിനെയും സഹോദരനെയും എസ്.എ.ടി ആശുപത്രിയുടെ കാഷ്വാലിറ്റിക്ക് മുന്നിൽ വച്ച് മർദിച്ചത്.
ആശുപത്രിയിൽ എത്തിച്ച ശേഷം ആംബുലൻസ് ഡ്രൈവർ മറ്റുള്ളവരെ വിളിച്ചുകൂട്ടി മർദിക്കുകയായിരുന്നെന്ന് യുവാവിന്റെ അമ്മ മീഡിയവണിനോട് പറഞ്ഞു.കാഷ്വാലിറ്റി മുന്നിൽ വച്ച് റഹീസിന്റെ ഭാര്യയെയും ആംബുലൻസ് ഡ്രൈവർ ചീത്ത വിളിച്ചു. അപകടമുണ്ടാക്കിയ ആംബുലൻസ് ഡ്രൈവറുടെ തെറ്റ് മറക്കാനാണ് ഇത്തരമൊരു മർദനമുണ്ടായതെന്നും യുവാവിന്റെ അമ്മപറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന് ശസ്ത്രക്രിയ വേണ്ടതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. എന്നാൽ പരിക്കേറ്റ കുഞ്ഞിന്റെ ശസ്ത്രക്രിയക്ക് ശേഷം പരാതി നൽകുമെന്ന് യുവാവിന്റെ കുടുംബം അറിയിച്ചു.