രോഗിയുമായെത്തിയ ആംബുലന്‍സ് പൊലീസ് ബാരിക്കേഡിൽ കുടുങ്ങി; കടത്തിവിടാതെ പൊലീസ്

കോൺഗ്രസ് മാർച്ച് തടയാനാണ് ബാരിക്കേഡ് വെച്ചത്

Update: 2023-07-31 08:22 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: പൊലീസ് ബാരിക്കേഡ് വെച്ചതുമൂലം ആംബുലൻസിന്റെ യാത്ര തടസപ്പെട്ടു. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡാണ് ആംബുലന്‍സിന് വേണ്ടി തുറന്നുകൊടുക്കാതിരുന്നത്. അത്യാസന്ന നിലയിലുള്ള രോഗിയെയും കൊണ്ടുപോകുന്നതിനാല്‍ ബാരിക്കേഡ് തുറന്നുകൊടുക്കണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടിരുന്നു. സമീപത്തുള്ള ആളുകളും ഇത് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ പൊലീസ് മാറ്റിക്കൊടുക്കാന്‍ തയ്യാറാകാത്തതോടെ ആംബുലന്‍സ് മറ്റൊരു വഴിയിലൂടെ  മെഡിക്കൽകോളജിലേക്ക് തിരിച്ചു.

കോൺഗ്രസിന്റെ പൊലീസ് സ്റ്റേഷൻ മാർച്ച് തടയാനായിരുന്നു ബാരിക്കേഡ് സ്ഥാപിച്ചത്. മാർച്ച് തുടങ്ങുന്നതിന് മുമ്പ് ഫറോക്ക് ഭാഗത്ത് നിന്ന് മെഡിക്കൽ കോളജിലേക്ക് പോകുന്ന ആംബുലൻസാണ് ബാരിക്കേഡിൽ കുടുങ്ങിയത്. ബാരിക്കേഡ് വടം കെട്ടി നിർത്തിയതിനാൽ അത് പെട്ടന്ന് മാറ്റി ആംബുലൻസിനെ കടത്തിവിടാൻ പൊലീസിന് സാധിച്ചില്ല. തുടർന്ന് ആംബുലൻസ് തിരിച്ച് മറ്റൊരു വഴിയിലൂടെ മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്നു.  ആംബുലൻസ് ഒളവണ്ണ - കൊളത്തറ വഴിയാണ് ആശുപത്രിയിലേക്ക് പോയത്. 

എന്നാൽ മാർച്ച് തടയാൻ ഇത്രയും വലിയ ബാരിക്കേഡ് എന്തിനാണെന്നാണ് കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നത്. അതേസമയം, ബാരിക്കേഡ് വെച്ചതിനാൽ അതിന് കുറച്ച് മുൻപ് തന്നെ വാഹനങ്ങളെ വഴിതിരിച്ചുവിട്ടിരുന്നെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അത് കേള്‍ക്കാതെ ആംബുലന്‍സ് എത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു.

Full View



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News