ഗുജറാത്ത് കലാപം: ആരോപണങ്ങളിൽ മോദി വേദനിക്കുന്നത് നേരിട്ടുകണ്ടു; ഒടുവിൽ സത്യം തെളിഞ്ഞെന്ന് അമിത് ഷാ
കലാപത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നായിരുന്നു സാക്കിയ ജഫ്രിയുടെ ഹരജിയിലെ ആരോപണം. എന്നാൽ സാക്കിയ ജഫ്രി പ്രവർത്തിച്ചത് ചിലരുടെ നിർദേശപ്രകാരമാണെന്ന് അമിത് ഷാ പറഞ്ഞു.
ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിൽ സത്യം തെളിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയെ കരിവാരിത്തേക്കാൻ വലിയ ഗൂഢാലോചനയാണ് നടന്നത്. ആരോപണങ്ങളിൽ അദ്ദേഹം വേദനിക്കുന്നത് നേരിട്ടുകണ്ടിട്ടുണ്ട്. ഇപ്പോൾ എല്ലാ ഗൂഢാലോചനയും പൊളിഞ്ഞു. നിയമം അനുസരിക്കുകയും നടപടികളോട് സഹകരിക്കുകയും ചെയ്യുന്ന പാർട്ടിയാണ് ബിജെപി. പാർട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും ബിജെപിയുടെ മേൽ വീണ കറ മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് കലാപത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് സാക്കിയ ജഫ്രി നൽകിയ ഹരജി കഴിഞ്ഞ ദിവസം സുപ്രിംകോടതി തള്ളിയിരുന്നു. നരേന്ദ്ര മോദി ഉൾപ്പെടെ 64 പേർക്ക് ക്ലീൻചിറ്റ് നൽകിയ നടപടി ശരിവെച്ചുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ വിധി. ജസ്റ്റിസ് എ.എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
കലാപത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നായിരുന്നു സാക്കിയ ജഫ്രിയുടെ ഹരജിയിലെ ആരോപണം. എന്നാൽ സാക്കിയ ജഫ്രി പ്രവർത്തിച്ചത് ചിലരുടെ നിർദേശപ്രകാരമാണെന്ന് അമിത് ഷാ പറഞ്ഞു. മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് സാക്കിയ ജഫ്രിക്ക് വേണ്ടി സുപ്രിംകോടതിയിൽ വാദിച്ചത്. മുകുൾ റോത്തഗി പ്രത്യേക അന്വേഷണസംഘത്തിനായും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഗുജറാത്ത് സർക്കാറിനായും ഹാജരായിരുന്നു.