നടക്കുന്നത് അരാജക സമരം, ബലം പ്രയോഗിച്ച് ഭൂമിയേറ്റെടുക്കില്ല: കോടിയേരി
"ജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായങ്ങൾ കേൾക്കാൻ സർക്കാറിന് മടിയില്ല"
തിരുവനന്തപുരം: കെ റെയിലിനായി ആരുടെയും ഭൂമി ബലം പ്രയോഗിച്ച് ഏറ്റെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ നടക്കുന്നത് പ്രതിപക്ഷത്തിന്റെയും വർഗീയ ശക്തികളുടെയും അരാജക സമരമാണ് എന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം ആരോപിച്ചു.
'ഇപ്പോൾ നടക്കുന്നത് സാമൂഹ്യാഘാത പഠനത്തിനുവേണ്ടിയുള്ള നടപടിയാണ്. ഇതിനുശേഷം ഒരു വിദഗ്ധ സമിതിയെ നിശ്ചയിച്ച് ഭൂമി നഷ്ടപ്പെടുന്നവരിൽനിന്ന് അഭിപ്രായം കേട്ട് ചർച്ച നടത്തി സ്ഥലത്തിന്റെ വില നിശ്ചയിക്കും. തൃപ്തികരമായ വില നിശ്ചയിച്ച് പണം കൈമാറിയശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ. ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കുകയില്ല. ഈ വസ്തുതകൾ മറച്ചുവച്ച് പ്രതിപക്ഷത്തിന്റെയും വർഗീയ ശക്തികളുടെയും അരാജക സമരത്തിന് നല്ലൊരു പങ്ക് മാധ്യമങ്ങൾ പഴയകാല കമ്യൂണിസ്റ്റ് വിരുദ്ധ സമീപനത്തോടെ ഉശിര് പകരുന്നുണ്ട്. വാഗ്ദാന ലംഘനം നടത്തി ജനങ്ങളെ കഷ്ടപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ വഞ്ചകഭരണത്തെ തുറന്നുകാണിക്കുകയാണ് വേണ്ടത്.' - അദ്ദേഹമെഴുതി.
ജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായങ്ങൾ കേൾക്കാൻ സർക്കാറിന് മടിയില്ലെന്നും കെ റെയിൽ പ്രകടന പത്രികയിലെ വാഗ്ദാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എൽഡിഎഫ് പ്രകടനപത്രിക മുന്നോട്ടുവച്ച പദ്ധതിയാണ് തിരുവനന്തപുരംമുതൽ കാസർകോടുവരെ നാലു മണിക്കൂർകൊണ്ട് എത്താനുള്ള സിൽവർ ലൈൻ (കെ -റെയിൽ) പദ്ധതി. കേരള വികസനത്തിന് പശ്ചാത്തല വികസനം അനിവാര്യഘടകമാണ്. ഗതാഗത സൗകര്യം വർധിപ്പിക്കാൻ കെ- റെയിൽ കൂടിയേ കഴിയൂ. അതുകൊണ്ടാണ് ഇതേപ്പറ്റി തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ജനങ്ങളോട് വിവരിച്ചിരുന്നത്. എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടായാൽ കെ- റെയിൽ എന്ന ആശയം യാഥാർഥ്യമാക്കുമെന്ന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് സർക്കാർ പ്രാവർത്തികമാക്കാൻ മുന്നോട്ടുപോകുന്നത്. ഇപ്പോൾ യുഡിഎഫും ബിജെപിയും മതതീവ്രവാദ ശക്തികളും ചേർന്ന് കുപ്രചാരണം നടത്തുകയും സർക്കാരിനെതിരെ അരാജക സമരം നടത്തുകയുമാണ്. ഇവർ ഒരുകാര്യം ഓർക്കണം. വോട്ടർമാരുടെ അംഗീകാരം വാങ്ങി നടപ്പാക്കുന്ന പ്രഖ്യാപിത പദ്ധതിയാണ് ഇത്.' - അദ്ദേഹം കുറിച്ചു.
ലേഖനത്തിൽ കേന്ദ്രസർക്കാറിനെ കോടിയേരി കടന്നാക്രമിച്ചു. ഇന്ധന വില വർധന കേന്ദ്രസർക്കാറിന്റെ ഇരട്ടത്താപ്പു നയം തുറന്നു കാട്ടുന്നതാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'പേറെടുക്കാൻ പോയവൾ രണ്ട് പെറ്റെന്ന നാടൻ ചൊല്ലുപോലെയായി മോദി ഭരണത്തിന്റെ സ്ഥിതി. ഇന്ത്യയിൽ ഇതുവരെ കാണാത്ത അത്ര ഉയരത്തിലാണ് പെട്രോൾ- ഡീസൽ- പാചകവാതക വില. ഇതാണ് മോദി ഭരണത്തിന്റെ വഞ്ചന. പഞ്ചാങ്കം എന്ന് വിശേഷിപ്പിച്ച അഞ്ചു സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ കര പറ്റുന്നതിനുവേണ്ടി നാലരമാസം ഇന്ധനവില കൂട്ടിയില്ല. എന്നാൽ, യുപി അടക്കം നാലു സംസ്ഥാനത്ത് അധികാരം നിലനിർത്തിയതിനെത്തുടർന്ന് ജനദ്രോഹം പതിവിനേക്കാൾ വർധിപ്പിച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ തുടർച്ചയായി രണ്ടു ദിവസം പെട്രോളിന് 1.77 രൂപയും ഡീസലിന് 1.70 രൂപയും കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് (14.2 കിലോഗ്രാം) 50 രൂപ കൂട്ടി. അഞ്ചു കിലോ സിലിണ്ടറിന് 18 രൂപയാണ് വർധിപ്പിച്ചത്. പാചകവാതക സിലിണ്ടറിന് 959 രൂപയാണ് ഇപ്പോൾ നൽകേണ്ടത്. പെട്രോളിന് 108.13 രൂപയും ഡീസലിന് 95 രൂപയുമാണ്. എണ്ണക്കമ്പനികളാണ് വില കൂട്ടുന്നത്, കേന്ദ്രസർക്കാരിന് ഉത്തരവാദിത്വമില്ലെന്ന പൊളിവചനം പൊളിയുകയാണ്.' - അദ്ദേഹം വ്യക്തമാക്കി.