അഞ്ചല്‍ രാമഭദ്രന്‍ വധക്കേസ്; സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയംഗം അടക്കം 14 പ്രതികള്‍ കുറ്റക്കാര്‍
ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹന്‍ അടക്കം നാല് പ്രതികളെ വെറുതെവിട്ടു
കൊല്ലം: അഞ്ചല്‍ രാമഭദ്രന്‍ വധക്കേസിൽ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയംഗം ബാബു പണിക്കര്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹന്‍ അടക്കം നാല് പ്രതികളെ വെറുതെവിട്ടു. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷ ഈ മാസം 30-ന് വിധിക്കും. 2010 ഏപ്രിൽ 10നാണ് വീട്ടിനുള്ളിൽക്കയറി കോൺഗ്രസ് ഏരൂർ മണ്ഡലം വൈസ് പ്രസിഡന്‍റും ഐ.എൻ.ടി.യു.സി നേതാവുമായ രാമഭദ്രനെ സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.
രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണമെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസന്വേഷിച്ചു. രാമഭദ്രന്‍റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിച്ചത്.