'ജീവിതത്തിൽ ഇന്നുവരെ ദല്ലാൾ നന്ദകുമാറിനെ കണ്ടിട്ടില്ല'; അനിൽ ആന്റണി വിവരദോഷം പറയുകയാണെന്ന് ആന്റോ ആന്റണി
സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണം സർക്കാർ അന്വേഷിക്കട്ടെയെന്നും ആന്റോ ആന്റണി പറഞ്ഞു.
പത്തനംതിട്ട: അനിൽ ആന്റണിയുടെ ഗൂഢാലോചന ആരോപണം തള്ളി പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണി. ജീവിതത്തിൽ ഇന്നുവരെ ദല്ലാൾ നന്ദകുമാറിനെ കണ്ടിട്ടില്ല. സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണം സർക്കാർ അന്വേഷിക്കട്ടെ. അനിൽ ആന്റണി വിവരദോഷം പറയുകയാണെന്നും ആന്റോ ആന്റണി പറഞ്ഞു.
പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണിക്കെതിരായ ടി.ജി.നന്ദകുമാറിന്റെ കോഴയാരോപണത്തിൽ വാക്പോര് മുറുകുകയാണ്. ആന്റോ ആന്റണിയും അദ്ദേഹത്തിന്റെ ഗുരു പി.ജെ. കുര്യനും ചേർന്നാണ് നന്ദകുമാറിനെ ഇറക്കിയതെന്നാണ് അനിൽ ആന്റണിയുടെ ആരോപണം. തോൽപ്പിക്കാൻ പല ശ്രമങ്ങളും യു.ഡി.എഫ് നടത്തുന്നു. കുര്യന്റെ പ്രമാദമായ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാറാണ്. ആന്റോ ആന്റണിയും കുടുംബവും നിരവധി സഹകരണ ബാങ്കുകൾ കൊള്ളയടിച്ചെന്നും അനിൽ ആന്റണി ആരോപിച്ചു.
അതിനിടെ, അനിൽ ആന്റണിക്കെതിരായ ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം ശരിവച്ച പി.ജെ കുര്യന്‍, പണം തിരികെ നല്‍കാന്‍ ഇടപെടണമെന്ന് നന്ദകുമാർ ആവശ്യപ്പെട്ടതായും അവകാശപ്പെട്ടു. വെല്ലുവിളി തുടർന്നാൽ പണം വാങ്ങുന്ന ദൃശ്യം പുറത്തുവിടുമെന്നാണ് നന്ദകുമാർ തിരിച്ചടിക്കുന്നത്. ഒന്നാം യു.പി.എ കാലത്ത് ഡിഫൻസ് മിനിസ്റ്ററുടെ വസതിയിലെ നിർണായക രേഖകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് അനിൽ ആന്റണി പലർക്കും നൽകിയെന്നും സി.ബി.ഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് തന്റെ കയ്യിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നും നന്ദകുമാർ ആരോപിച്ചിരുന്നു.