അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു; ശിശുഭവനിലേക്ക് മാറ്റി
രാത്രി എട്ടരയോടെയാണ് ഹൈദരാബാദിൽനിന്നുള്ള വിമാനത്തിൽ കുഞ്ഞിനെ എത്തിച്ചത്. ശിശുക്ഷേമസമിതി പ്രതിനിധി, ശിശുക്ഷേമ കൗൺസിലിൽനിന്നുള്ള ആയ, മൂന്ന് പോലീസുദ്യോഗസ്ഥർ എന്നിവരാണ് ആന്ധ്രയിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി തിരുവനന്തപുരത്ത് എത്തിച്ചത്.
ആന്ധ്ര സ്വദേശികളായ ദമ്പതികൾ ദത്തെടുത്ത, അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതി പ്രവർത്തകർ തിരുവനന്തപുരത്ത് എത്തിച്ചു. തുടർന്ന് പോലീസ് സംരക്ഷണയിൽ കുഞ്ഞിനെ നഗരത്തിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഹൈദരാബാദിൽനിന്നുള്ള വിമാനത്തിൽ കുഞ്ഞിനെ എത്തിച്ചത്. ശിശുക്ഷേമസമിതി പ്രതിനിധി, ശിശുക്ഷേമ കൗൺസിലിൽനിന്നുള്ള ആയ, മൂന്ന് പോലീസുദ്യോഗസ്ഥർ എന്നിവരാണ് ആന്ധ്രയിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി തിരുവനന്തപുരത്ത് എത്തിച്ചത്.
രണ്ടു ദിവസത്തിനു ശേഷം കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തും. ഡിഎൻഎ ഫലം വരുന്നതുവരെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് ആയിരിക്കും. നഗരത്തിലെ ഒരു ശിശുഭവനിലാണ് കുഞ്ഞിനെ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കുഞ്ഞിനെ കൈമാറുന്നത് സംബന്ധിച്ച് അന്തിമ വിധി വരുന്നതുവരെ കുഞ്ഞിനെ ഇവിടെ സംരക്ഷിക്കും.
അതേസമയം കുഞ്ഞിനെ കാണാൻ കഴിയാത്തതിൽ വിഷമമുണ്ടെന്ന് അനുപമ പറഞ്ഞു. കുഞ്ഞിനെ കാണാൻ കഴിയാത്തതിനെ തുടർന്ന് അവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.