മന്ത്രി സജി ചെറിയാനെതിരെ അനുപമ നൽകിയ പരാതി ശ്രീകാര്യം പോലീസിന് കൈമാറി
പ്രാഥമിക അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശിച്ചു
മന്ത്രി സജി ചെറിയാൻ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അനുപമയും അജിത്തും പൊലീസിൽ നൽകിയ പരാതി ശ്രീകാര്യം പോലീസിന് കൈമാറി. പ്രാഥമിക അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകി. വ്യക്തിഹത്യ നടത്തിയെന്നു കാണിച്ച് പേരൂർക്കട പൊലീസിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ദത്തുനൽകിയ സംഭവത്തിലെ പരാതിക്കാർ കൂടിയായ ഇരുവരും പരാതി നൽകിയിരുന്നത്.
എന്നാൽ രക്ഷിതാവെന്ന നിലയിലായിരുന്നു തന്റെ പ്രതികരണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പെൺകുട്ടികൾ ശക്തരാകണമെന്നാണ് പറഞ്ഞതെന്നും ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളെ ഉണ്ടാക്കി പിന്നീട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതു പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ കുട്ടിയെ പ്രേമിക്കുക, ഇതു ചോദ്യം ചെയ്ത അച്ഛൻ ജയിലിൽ പോകുക എന്നിങ്ങനെയായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശങ്ങൾ. പത്രവാർത്തയും പരാതിക്കൊപ്പം അനുപമ കൈമാറിയിട്ടുണ്ട്. പരാതി ലഭിച്ച സാഹചര്യത്തിൽ പ്രസംഗത്തിന്റെ പൂർണ്ണ രൂപം പോലീസ് പരിശോധിക്കും.
'ഇത്രയും നാൾ ഞങ്ങൾ വ്യാജ പ്രചരണം കേട്ടു. മന്ത്രി അങ്ങനെ പറഞ്ഞത് ശരിയായ നടപടിയില്ല. പാർട്ടി പിന്തുണയ്ക്കുന്നു എന്നു പറയുമ്പോൾ തന്നെ മന്ത്രി ഇങ്ങനെ പറയുന്നത് ശരിയല്ല. വിഷമമുണ്ട്.' - അനുപമ മാധ്യമങ്ങളോടു പറഞ്ഞു. 'ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെൺകുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്.''- ഇങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകൾ. സ്ത്രീ ശാക്തീകരണത്തിനായി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വനിതാ നാടകകളരി കാര്യവട്ടം കാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.