അനുരാഗ് ഠാക്കുറിനു എൻ.എസ്.എസ് വിഭാഗത്തിന്റെ സ്വീകരണം; കാലിക്കറ്റ് സി.പി.എം സിൻഡിക്കേറ്റിന്റെ സംഘപരിവാർ പ്രീണനം: കെ.എസ്.യു
സംസ്ഥാന മന്ത്രിമാർ, സംസ്ഥാന എൻ.എസ്.എസ് മേധാവി, നെഹ്റു യുവകേന്ദ്ര പ്രതിനിധി എന്നിവർ പങ്കെടുക്കാത്തതും യാതൊരു ഔദ്യോഗിക സ്വഭാവാവുമില്ലാത്തതുമായിരുന്നു സ്വീകരണമെന്നും കെ.എസ്.യു
തേഞ്ഞിപ്പലം: ജന്മഭൂമി പരിപാടിക്ക് കോഴിക്കോട് എത്തിച്ചേർന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുറിനു കാലിക്കറ്റ് സർവകലാശാല നാഷണൽ സർവീസ് സ്‌കീം വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയത് കാലിക്കറ്റ് സർവകലാശാല സി.പി.എം സിൻഡിക്കേറ്റിന്റെ സംഘപരിവാർ പ്രിണനത്തിന്റെ തെളിവാണെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി അർജുൻ കറ്റയാട്ട്. സംഘപരിവാർ വിരുദ്ധരായ മാധ്യമങ്ങളെ ഒഴുവാക്കി മന്ത്രി വിളിച്ചു ചേർത്ത യോഗം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് എൻ.എസ്.എസ് വിഭാഗത്തിന്റെ സ്വീകരണം എന്നതും ശ്രദ്ധേയമാണെന്നും അദ്ദേഹം വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാന മന്ത്രിമാർ, സംസ്ഥാന എൻ.എസ്.എസ് മേധാവി, നെഹ്റു യുവകേന്ദ്ര പ്രതിനിധി എന്നിവർ പങ്കെടുക്കാത്തതും യാതൊരു ഔദ്യോഗിക സ്വഭാവാവുമില്ലാത്തതുമായിരുന്നു സ്വീകരണമെന്നും അവർ പറഞ്ഞു. സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന എൻ.എസ്.എസ് റീജ്യണൽ ഓഫീസറുടെ താത്പര്യത്തിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് വിഭാഗം പങ്കെടുത്തത് സർവകലാശാലയിലെ കാവിവത്കരണത്തിന്റെ സമീപകാല സൂചനയാണെന്നും വിമർശിച്ചു. എൻ.എസ്.എസ് ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയല്ല മന്ത്രി വന്നതെന്നിരിക്കേ കാലിക്കറ്റ് സർവകലാശാല വിഭാഗം എൻ.എസ്.എസ് യൂണിറ്റ് മുൻകൈയ്യെടുത്ത് നൽകിയ സ്വീകരണത്തിൽ സർവകലാശാല ഭരിക്കുന്ന സി.പി.എം സിൻഡിക്കേറ്റ് നിലപാട് വ്യക്തമാക്കണമെന്നും അർജുൻ കറ്റയാട്ട് അഭിപ്രായപ്പെട്ടു.