വെടിയേറ്റിട്ടും പൂർണമായും മയങ്ങാതെ അരിക്കൊമ്പൻ; ആനയെ ഉൾവന മേഖലയിലെത്തിക്കും
അരിക്കൊമ്പനെ നാല് കുംകിയാനകളാണ് വളഞ്ഞത്
ഇടുക്കി: മയക്കുവെടിയേറ്റ അരിക്കൊമ്പൻ പൂർണമായും മയങ്ങിയില്ല. അരിക്കൊമ്പനെ നാല് കുംകിയാനകളാണ് വളഞ്ഞത്. ആനയെ ഉൾവന മേഖലയിൽ എത്തിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
ഇടുക്കി ജില്ലയിൽ അരിക്കൊമ്പനെ തുറന്നുവിടില്ല. എവിടെ എത്തിച്ചാലും ഉദ്യോഗസ്ഥർ ആനയെ തുടർന്നും നിരീക്ഷിക്കും. അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് നീങ്ങുകയാണെന്നും വനംമന്ത്രി പറഞ്ഞു. അതേസമയം ദൗത്യം അതിനിർണായക ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ആനയുടെ പിൻകാലിൽ വടംകൊണ്ട് കുരുക്കിട്ടു. അരിക്കൊമ്പനെ മയക്കുവെടിവെച്ച് മൂന്ന് മണിക്കൂർ പിന്നിട്ടിട്ടുണ്ട്.
സിമന്റ് പാലത്തിന് സമീപമാണ് കാട്ടാനയെ ദൗത്യസംഘം മയക്കുവെടിവെച്ചത്. ഡോ: അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവെച്ചത്. ആനയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു. ആവശ്യമെങ്കിൽ വീണ്ടും വെടിവെക്കാനാണ് സംഘത്തിൻറെ തീരുമാനം. മണിക്കൂറുകളായി ആന ദൗത്യ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. സിങ്കുകണ്ടത്തിന് സമീപം സൂര്യനെല്ലി ഭാഗത്തേക്ക് കയറിപ്പോയ ആനയെ പടക്കം പൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്. ദൗത്യം വിജയകരമെന്ന് പ്രതികരിച്ച മന്ത്രി എ.കെ ശശീന്ദ്രൻ ദൗത്യസംഘത്തെ അഭിനന്ദിച്ചു.
2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങളാണ് അരിക്കൊമ്പൻ തകർത്തത്. 2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണ്. 2017 ൽ അരിക്കൊമ്പനെ മൂന്നുതവണയായി അഞ്ചു പ്രാവശ്യം മയക്കുവെടി വെച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.