ഉരുള്‍ദുരന്തത്തിലേക്ക് ലോറിയോടിച്ചുപോയ അതേ വഴിയിലൂടെ അന്ത്യയാത്ര; വഴിനീളെ ആദരമർപ്പിച്ച് ജനക്കൂട്ടം

അവസാനയാത്രയിൽ അർജുനെ അനുഗമിക്കാനും ആദരമർപ്പിക്കാനും പുലർച്ചെ മുതൽ നാടുമുഴുവൻ വഴിയോരങ്ങളിൽ കാത്തിരിപ്പുണ്ട്

Update: 2024-09-28 04:52 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: രണ്ടര മാസത്തോളം നീണ്ട ഇടവേളയ്ക്കുശേഷം അർജുൻ അവസാനമായി ജന്മനാട്ടിലേക്കും സ്വന്തം വീട്ടിലേക്കും മടങ്ങുകയാണ്; ചേതനയറ്റ ശരീരമായി. കളിപ്പാട്ടവുമായി വരുന്ന അർജുനെ കാത്തിരിക്കുന്ന കൊച്ചുമകനുണ്ട് അവിടെ; ഗംഗാവലിപ്പുഴയുടെ ആഴക്കയങ്ങളിൽ ശ്വാസം നിലച്ചുപോയ അച്ഛനെക്കുറിച്ചുള്ള വാർത്തകളൊന്നും അറിയാതെ. പ്രിയപ്പെട്ടവൻ ഇനി സർവസ്വമായി കൂടെയുണ്ടാകില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ നിൽക്കുന്ന ഒരു പ്രിയതമയുണ്ട് അവിടെ. കുടുംബത്തിന്റെ ആശ്രയമത്രയുമായിരുന്ന അറ്റുപോയ വേദനയില്‍ മനംനൊന്ത് ഒരു അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാമുണ്ട്. ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന ദിനങ്ങളിൽ പ്രാർഥനാനിർഭരമായി കാത്തിരുന്ന കേരളം മുഴുവൻ ഇപ്പോൾ കണ്ണാടിക്കലുണ്ട്; ഹൃദയവേദനയോടെ.

മരത്തടി കയറ്റി പതിവായി അർജുൻ യാത്ര ചെയ്യാറുള്ള, മരണത്തിലേക്ക് ലോറിയോടിച്ചു പോയ അതേ വഴികളിലൂടെയാണ് അവസാന യാത്രയും. അന്ത്യയാത്രയിൽ അർജുനെ അനുഗമിക്കാനും ആദരമർപ്പിക്കാനും പുലർച്ചെ മുതൽ നാടുമുഴുവൻ വഴിയോരങ്ങളിൽ കാത്തിരിപ്പുണ്ട്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് കാർവാർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് അർജുന്റെ മൃതദേഹവുമായി ആംബുലൻസ് പുറപ്പെട്ടത്. സഹോദരൻ അഭിജിത്തും സഹോദരീ ഭർത്താവ് ജിതിനും മൃതദേഹം ഏറ്റുവാങ്ങി. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് തുടങ്ങിയവർ അനുഗമിക്കുന്നുണ്ട്. ഉഡുപ്പിയിൽനിന്ന് ഈശ്വർ മാൽപെയും ചേർന്നു. പുലർച്ചെ രണ്ടു മണിയോടെ കാസർകോട് ബസ് സ്റ്റാൻഡിലെത്തി.

ജില്ലാ അതിർത്തിയായ അഴിയൂരിൽ മൃതദേഹം മന്ത്രി എ.കെ ശശീന്ദ്രൻ ഏറ്റുവാങ്ങി. കെ.കെ രമ എംഎൽഎ, കോഴിക്കോട് കലക്ടർ തുടങ്ങിയവർ ജില്ലാ അതിർത്തിയിൽ എത്തിയിരുന്നു. 7.30ന് കണ്ണാടിക്കൽ ബസാറിൽനിന്ന് വിലാപയാത്ര ആരംഭിക്കും. എട്ട് മുതൽ അർജുന്റെ വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനം നടക്കും. തുടർന്നാണു വീട്ടുവളപ്പിൽ തന്നെ സംസ്‌കാരം നടക്കുക.

Summary: Kerala mourns Arjun's final homecoming

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News