സമരത്തെ പിന്തുണച്ചിട്ട് സർക്കാരിനൊപ്പം നിന്നതെന്തിന്? ഐഎൻടിയുസിയോട് ആശമാര്‍

ട്രേഡ് യൂണിയനുകൾ ആശാ സമരം പൊളിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഐഎൻടിയുസി പ്രസിഡന്‍റ്

Update: 2025-04-05 06:41 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: ഐഎൻടിയുസി അടക്കമുള്ള ട്രേഡ് യൂണിയനുകൾ ആശമാരോട് അനീതി കാണിക്കുന്നുവെന്ന് എസ്.മിനി. സമരം ചെയ്യുന്ന ആശമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മിറ്റിയെ വെയ്ക്കാമെന്ന നിർദേശത്തെ മന്ത്രിതല ചർച്ചയിൽ ആശമാർ എതിർത്തിരുന്നു. എന്നാൽ മറ്റ് നാല് യൂണിയനുകളും അംഗീകരിച്ചു. സമരത്തെ പിന്തുണയ്ക്കുന്നു എന്ന് പറയുമ്പോഴും ഐഎൻടിയുസി എന്തുകൊണ്ട് സർക്കാരിനൊപ്പം നിൽക്കുന്നു എന്ന് അറിയില്ലെന്നും മിനി പറഞ്ഞു.

ട്രേഡ് യൂണിയനുകൾ ആശാ സമരം പൊളിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഐഎൻടിയുസി പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ മറുപടി നൽകി . കമ്മീഷനെ വെക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത് ഐഎൻടിയുസി അല്ലെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

Advertising
Advertising

അതേസമയം മന്ത്രിതല തുടർചർച്ചയ്ക്ക് വഴിയടഞ്ഞതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ് ആശ പ്രവർത്തകർ. വീണ്ടും ചർച്ചക്ക് തയ്യാറാണെന്ന് ആശമാർ അറിയിച്ചെങ്കിലും ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ഓണറേറിയം വർധിപ്പിക്കുന്നതിൽ കമ്മറ്റിയെ നിയോഗിക്കാം എന്നാണ് നിലവിലെ സർക്കാർ നിലപാട്.

എന്നാൽ തങ്ങൾ ഉന്നയിച്ച വിഷയങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്ത പരിഹരിക്കണമെന്നും പ്രഖ്യാപനങ്ങൾ അല്ല ഉറപ്പുകളാണ് വേണ്ടതെന്നും സമര സമിതി നേതാക്കൾ പറയുന്നു. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിരാഹാര സമരം 17-ാം ദിവസത്തിലേക്ക് കടന്നു. രാപകൽ സമരം 55-ാം ദിവസവും തുടരുകയാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News