'സമസ്തയുടെ പേരിൽ വന്ന വിശദീകരണം വസ്തുതയല്ല'; മുശാവറ യോഗത്തിലെ തർക്കത്തിൽ ബഹാഉദ്ദീൻ നദ്‌വി
'സത്യസന്ധതയും സംഘടനാ വിശദീകരണവും ഒരിക്കലും വിരുദ്ധധ്രുവങ്ങളിലാവരുത്. വസ്തുതകളോട് ഒരുനിലക്കും നിരക്കാത്തവ പ്രസിദ്ധപ്പെടുത്തുന്നതിനോട് വിശ്വാസിക്കു രാജിയാകാനാകില്ല.'
കോഴിക്കോട്: സമസ്ത മുശാവറ യോഗത്തിലെ തർക്കത്തിൽ വിശദീകരണവുമായി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. സമസ്തയുടേത് എന്ന പേരിൽ വന്ന വിശദീകരണം വസ്തുതയല്ലെന്ന് അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി. മുശാവറ ചർച്ചകൾ താനാണു മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തതെന്നത് 'ഗീബൽസിയൻ' നുണപ്രചാരണമാണെന്നു പറഞ്ഞ നദ്‌വി, മുക്കം ഉമർ ഫൈസിയുടെ 'കള്ളന്മാർ' പരാമർശത്തെ തുടർന്നാണ് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയതെന്നും കുറിപ്പിൽ ആവർത്തിച്ചു.
ബുധനാഴ്ച നടന്ന സമസ്ത മുശാവറ യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങൾക്ക് താനാണ് ചോർത്തിക്കൊടുത്തതെന്ന് ഒരു വിഭാഗം 'ഗീബൽസിയൻ നയ'മനുസരിച്ച് വ്യാപക പ്രചാരണം നടത്തുന്നുണ്ട്. ഉമർ ഫൈസിയെ മാറ്റിനിർത്തി പ്രമാദ വിഷയം ചർച്ച ചെയ്യണമെന്ന് താൻ ആവശ്യപ്പെട്ടുവെന്നും, ഇക്കാര്യത്തിൽ യോഗത്തിൽ പൊട്ടിത്തെറി ഉണ്ടായെന്നും നിരവധി ചാനലുകൾ നേരത്തെ വാർത്ത പുറത്തുവിട്ടിരുന്നു. തന്റെ പേരിൽ കല്ലുവച്ച നുണ വ്യാപകമായി പ്രചരിപ്പിച്ചപ്പോൾ യാഥാർഥ്യം വിശദീകരിക്കേണ്ടതുണ്ടെന്ന വ്യക്തിപരമായ ബാധ്യത നിർവഹിക്കുക മാത്രമായിരുന്നു താൻ ചെയ്തതെന്നും ബഹാഉദ്ദീൻ നദ്‌വി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വസ്തുത വക്രീകരിച്ചാണു തൊട്ടടുത്ത ദിവസം മുക്കം ഉമർ ഫൈസി വിശദീകരണം നടത്തിയതെന്നും നദ്‌വി ചൂണ്ടിക്കാട്ടി. നേരത്തെ ഖാസി ഫൗണ്ടേഷൻ പേരെടുത്തു പരാമർശിച്ച ശേഷമാണ് അതല്ല ഉദ്ദേശ്യമെന്നു പറഞ്ഞത്! ആരെയാണ് ഉദ്ദേശിച്ചതെന്നു പൊതുസമൂഹത്തോട് വ്യക്തമാക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയുടെ പേരിൽ പുറത്തുവന്ന പ്രസ്താവന തന്റെ വിശദീകരണത്തിനു വിരുദ്ധമാണെന്നതു ശരിയാണെന്നും നദ്‌വി പറഞ്ഞു. വസ്തുതകളോടും യാഥാർഥ്യങ്ങളോടും ഒരുനിലക്കും നിരക്കാത്ത കാര്യമാണു പ്രസിദ്ധപ്പെടുത്തിയത്. അതിനോട് വിശ്വാസിക്കു രാജിയാകാനാകില്ല. സത്യസന്ധതയും സംഘടനാ വിശദീകരണവും ഒരിക്കലും വിരുദ്ധധ്രുവങ്ങളിലാവരുതെന്നും ബഹാഉദ്ദീൻ നദ്‌വി പറഞ്ഞു.
ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ബുധനാഴ്ച നടന്ന സമസ്ത മുശാവറ യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങൾക്ക് ഞാനാണ് ചോർത്തിക്കൊടുത്തതെന്ന് ഒരു വിഭാഗം 'ഗീബൽസിയൻ നയ'മനുസരിച്ച് വ്യാപക പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഉമർ ഫൈസിയെ മാറ്റിനിർത്തി പ്രമാദ വിഷയം ചർച്ച ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടുവെന്നും, ഇവ്വിഷയകമായി യോഗത്തിൽ പൊട്ടിത്തെറി ഉണ്ടായെന്നും നിരവധി ചാനലുകൾ വാർത്ത നേരത്തെ പുറത്തുവിട്ടിരുന്നു. എന്റെ പേരിൽ കല്ലുവച്ച നുണ വ്യാപകമായി പ്രചരിപ്പിച്ചപ്പോൾ അതിന്റെ നിജസ്ഥിതി വെളിപ്പെടുത്തേണ്ടത് വ്യക്തിപരമായ ബാധ്യതയായിത്തീർന്നു. അത് നിർവഹിക്കുക മാത്രമായിരുന്നു ഞാൻ.
കള്ളന്മാർ എന്നു ബഹുവചനം തന്നെ ഫൈസി യോഗത്തിൽ പ്രയോഗിച്ചിരുന്നു. അദ്ദേഹം അല്ലാത്ത മറ്റു മുശാവറ അംഗങ്ങളോട് ചോദിച്ചാൽ ഇതിന്റെ വസ്തുത അറിയാം. നിങ്ങളുടെ എന്താണ് ഞാൻ മോഷ്ടിച്ചത് എന്നു ചോദിച്ചപ്പോൾ, നിങ്ങൾ മോഷ്ടിച്ചു എന്നല്ല; കള്ളം പറഞ്ഞു എന്നാണുദ്ദേശിച്ചത് എന്നായിരുന്നു മറുപടി. അപ്പോൾ, ആ കള്ളന്മാരുടെ കൂട്ടത്തിൽ താനും ഉൾപെടുമല്ലോ, അതുകൊണ്ട് ഇനി ഇവിടെ ഇരിക്കുന്നത് ശരിയല്ല എന്നു പറഞ്ഞാണ് ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
ആമുഖഭാഷണത്തിൽ തന്നെ, അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയാകുമ്പോൾ മാറിനിൽക്കണമെന്നു യോഗാധ്യക്ഷൻ ജിഫ്രി തങ്ങൾ നിർദേശിച്ചിരുന്നു. രണ്ടു മണിക്കൂറിനുശേഷം തദ്വിഷയകമായി ചർച്ച തുടങ്ങാനിരിക്കെയും തങ്ങൾ അക്കാര്യം ഉണർത്തി. എന്നാൽ, താൻ പോകില്ല എന്ന നിലപാടിലായിരുന്നു അദ്ദേഹം. തത്സമയം അധ്യക്ഷനെ പിന്തുണച്ച് സംസാരിക്കുക മാത്രമാണ് ഞാൻ ചെയ്തത്.
വസ്തുത ഇതായിരിക്കെ ഒരു രാത്രി കഴിഞ്ഞപ്പോഴേക്കും വിഷയം മറ്റൊരു തരത്തിൽ അദ്ദേഹം വക്രീകരിക്കുകയുണ്ടായി: താൻ ഉദ്ദേശിച്ചത് മുശാവറ അംഗങ്ങളെ അല്ലെന്നും തന്റെ കാര്യത്തിൽ ഹരജി നൽകിയവരെ സംബന്ധിച്ചാണ് പരാമർശം എന്നുമായിരുന്നു വിശദീകരണം! അദ്ദേഹത്തിന് അനുകൂലമായി ഹരജി നൽകിയവരും കള്ളന്മാരാണെന്നാണോ?!
എടവണ്ണപ്പാറയിൽ താൻ ഉദ്ദേശിച്ചത് സ്വാദിഖ് അലി ശിഹാബ് തങ്ങളെ അല്ലെന്നാണ് ഇതുവരെയും അദ്ദേഹം നിരന്തരമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഖാസി ഫൗണ്ടേഷൻ ഉൾപ്പെടെ പേരെടുത്തു പറഞ്ഞ ശേഷമാണ് അതല്ല ഉദ്ദേശ്യമെന്നു പറഞ്ഞത്! അങ്ങനെയാണെങ്കിൽ പിന്നെ ആരെയാണ് ഉദ്ദേശിച്ചതെന്നു വ്യക്തമാക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. ബോധ്യപ്പെടേണ്ട അവകാശം പൊതുസമൂഹത്തിനും.
സമസ്തയുടെ പേരിൽ പുറത്തുവന്ന പ്രസ്താവന എന്റെ വിശദീകരണത്തിനു വിരുദ്ധമാണെന്ന് പലരും പറയുന്നു. ശരിയാണ്. വസ്തുതകളോടും യാഥാർഥ്യങ്ങളോടും ഒരുനിലക്കും നിരക്കാത്ത കാര്യം പ്രസിദ്ധപ്പെടുത്തുന്നതിനോട് എങ്ങനെ യോജിക്കാനാകും? കളവിനോട് സത്യവിശ്വാസി രാജിയാകരുതെന്നാണല്ലോ ഇസ്ലാമിക കൽപന. കയ്‌പ്പേറിയതാണെങ്കിൽ പോലും സത്യം തന്നെ പറയണമെന്നാണ് തിരുനബി(സ്വ)യുടെ അധ്യാപനം. സത്യസന്ധതയും സംഘടനാ വിശദീകരണവും വിരുദ്ധധ്രുവങ്ങളിലാവരുതല്ലോ ഒരിക്കലും.
സമസ്തയുടെ തനിമയും പാരമ്പര്യവും വളരെ പവിത്രമായി എക്കാലത്തും ഇവിടെ നിലനിൽക്കേണ്ടതുണ്ട്. മുൻഗാമികൾ കാണിച്ചുതന്ന പാതയിൽ ജാഗ്രതയോടെ മുന്നോട്ടുപോവണം നമുക്ക്. സർവശക്തന്റെ അനുഗ്രഹങ്ങളുണ്ടാകട്ടെ.
'അല്ലാഹുവിന്റെ മാർഗദർശനമനുസരിച്ച് മനുഷ്യർക്കിടയിൽ വിധികൽപിക്കാനാണ് സത്യസമേതം താങ്കൾക്ക് നാം ഈ ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നത്; വഞ്ചകന്മാർക്കു വേണ്ടി വാദിക്കുന്നവനാകരുത് താങ്കൾ'(വി.ഖു 4:105)
Summary: 'The explanation given in the name of the Samastha is not the truth'; Dr. Bahauddeen Muhammed Nadwi on the controversy at the 'Samastha' Mushavara meeting