ഏക സിവിൽകോഡിനായി വാദിച്ചവർ ഇപ്പോൾ മുതലക്കണ്ണീരൊഴുക്കുന്നു; അത്തരക്കാരെ ജാഗ്രതയോടെ നിരീക്ഷിക്കണം: ബഹാഉദ്ദീൻ നദ്‌വി

സര്‍വ്വമതസ്ഥരെയും ഉള്‍ക്കൊള്ളിച്ച് വിവിധ സംസ്‌കാരങ്ങള്‍ക്കുള്ളിലെ അഖണ്ഡതയാണ് നാം വിഭാവനം ചെയ്യേണ്ടതെന്ന് ബഹാഉദ്ദീൻ നദ്‌വി പറഞ്ഞു.

Update: 2023-07-10 04:01 GMT
Advertising

കോഴിക്കോട്: മൂന്നരപ്പതിറ്റാണ്ട് മുമ്പ് കേരളത്തിലിരുന്ന് ഏക സിവിൽകോഡ് നടപ്പിലാക്കുന്നതിനനുകൂലമായി വാദിച്ചവർ ഇപ്പോൾ യു.സി.സി ക്കെതിരെ മുതലക്കണ്ണീരൊഴുക്കുന്നതിനു പിന്നിലെ അജണ്ട വേറെയാണെന്നും അത്തരക്കാരെ പ്രത്യേകം ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുണ്ടെന്നും സമസ്ത മുശാവറാംഗം ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. രാജ്യത്തിന്റെ ഐക്യത്തിന് ഹിതകരമല്ലാത്ത ബില്ലിനെതിരെ മുഴുവൻ മതേതര-ജനാധിപത്യ വിശ്വാസികളിലും ശക്തമായ ബോധവത്ക്കരണം നടത്തണം. നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനു പകരം ഫാസിസത്തിനെതിരെ ആശയപരമായ പ്രതിഷേധം കൂടി സാധ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കാനുളള കേന്ദ്രനീക്കം സജീവമാക്കിയിരിക്കുകയാണല്ലോ. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയെ ബാധിക്കുന്ന ഭരണഘടനാ പ്രശ്‌നമായതുകൊണ്ട് തന്നെ മതേതര വിശ്വാസികളെല്ലാം, യു.സി.സിക്കെതിരെ യോജിച്ചുള്ള പോരാട്ടം നടത്തണമെന്നാണ് മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ധാരണയായത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആഭിമുഖ്യത്തിലുള്ള സ്‌പെഷല്‍ കണ്‍വെന്‍ഷനിലും തീരുമാനം ഇതുതന്നെയായിരുന്നു. മുസ്‌ലിം കോഡിനേഷന്‍ പൊതുവേദിയുടെ കോര്‍ കമ്മിറ്റിയും ഇതേ തീരുമാനമാണ് ഇന്നലെ കൈക്കൊണ്ടത്. ജനാധിപത്യ മതേതര ഇന്ത്യയെ തീവ്രഹിന്ദുത്വ രാഷ്ട്രമാക്കുക എന്ന ഫാസിസ്റ്റ് ലക്ഷ്യം സാര്‍ത്ഥകമാക്കുക മാത്രമാണ് കേന്ദ്രഭരണകൂടം ഇത്തരം വിവാദ നിയമങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സാമുദായിക ഛിദ്രത ഉണ്ടാക്കുന്ന ഒത്തിരി നിയമങ്ങള്‍ നടപ്പിലാക്കിയ ഭരണകൂടത്തിന് ഇനി ശേഷിക്കുന്നത് ഏക സിവില്‍ കോഡ് മാത്രമാണ്. ഭിന്ന മതക്കാരും നാനാ വിഭാഗം ജാതികളും ഗോത്രവര്‍ഗ്ഗക്കാരും വിവിധ വിശ്വാസാനുഷ്ഠാനങ്ങളോടെ അധിവസിക്കുന്ന ബഹുസ്വര ഇന്ത്യയില്‍ ഇത്തരത്തിലുള്ള നിയമം നടപ്പാക്കുക അസാധ്യമാണ്.

സര്‍ക്കാറിന്റെ നിര്‍ഗുണമായ ഈ ഉരുപ്പടിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത വീക്ഷണങ്ങള്‍ വന്നത് ഏറെ ശ്രദ്ധേയമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ആദിവാസി വിഭാഗങ്ങളും പരസ്യമായി നീരസം പ്രകടിപ്പിച്ച് രംഗത്തുവന്നത് ഒടുവിലത്തെ ഉദാഹരണം. എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഈ നിയമം മുസ്‌ലിംകളുടെ പ്രശ്‌നം മാത്രമാക്കി മാറ്റാന്‍ ചില തല്‍പരകക്ഷികള്‍ ശ്രമിക്കുന്നുണ്ട്. വിവിധ മത-ജാതികളില്‍ ബഹുമുഖ സംസ്‌കാരങ്ങളോടെ ജീവിക്കുന്നവര്‍ക്ക് അവരുടേതായ നിയമക്രമങ്ങള്‍ ഉള്ളതിനാല്‍ സര്‍വ മതസ്ഥരെയും ദലിതുകളെയും ഗോത്ര-ജാതി വിഭാഗങ്ങളെയും സാരമായി ബാധിക്കുന്ന വിഷയമാണിത്.

ഇന്ത്യയുടെ നിലവിലെ നിയമ വ്യവഹാരങ്ങള്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന്, പുതുച്ചേരിയില്‍ ഇപ്പോഴും ഫ്രഞ്ച് നിയമം നിലനില്‍ക്കുന്നു. അതുപോലെ, ഗോവയില്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പോലുള്ള നിയമങ്ങളുമുണ്ട്. മതം, ഭാഷ, സംസ്‌കാരം എന്നിവയുമായി ഇഴചേര്‍ന്നു കിടക്കുന്ന നിയമങ്ങളില്‍ ഇടപെടുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. സര്‍വ്വമതസ്ഥരെയും ഉള്‍ക്കൊള്ളിച്ച് വിവിധ സംസ്‌കാരങ്ങള്‍ക്കുള്ളിലെ അഖണ്ഡതയാണ് നാം വിഭാവനം ചെയ്യേണ്ടത്.

രാജ്യത്തിന്റെ ഐക്യത്തിന് ഹിതകരമല്ലാത്ത ബില്ലിനെതിരെ മുഴുവന്‍ മതേതര-ജനാധിപത്യ വിശ്വാസികളിലും ശക്തമായ ബോധവത്ക്കരണം നടത്തണം. നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനു പകരം ഫാസിസത്തിനെതിരെ ആശയപരമായ പ്രതിഷേധം കൂടി സാധ്യമാക്കേണ്ടതുണ്ട്.

മൂന്നരപ്പതിറ്റാണ്ട് മുമ്പ് കേരളത്തിലിരുന്ന് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിനനുകൂലമായി വാദിച്ചവര്‍ ഇപ്പോൾ യു.സി.സി ക്കെതിരെ മുതലക്കണ്ണീരൊഴുക്കുന്നതിനു പിന്നിലെ അജണ്ട വേറെയാണ്. അത്തരക്കാരെ പ്രത്യേകം ജാഗ്രതയോടെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News