മാനസിക പ്രശ്നമെന്ന്; പൊലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയ ആൾക്ക് ജാമ്യം

തൃശൂരിലെ കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനില്‍ അക്രമാസക്തനായ പ്രതിക്കാണ് ജാമ്യം നൽകിയത്.

Update: 2022-09-14 05:55 GMT
Advertising

തൃശൂർ: പൊലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയ തൃശൂര്‍ കൂനമുച്ചി സ്വദേശിക്ക് ജാമ്യം. മാനസിക പ്രശ്നമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിന്‍സന്റ് എന്നയാൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

തൃശൂരിലെ കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനില്‍ അക്രമാസക്തനായ പ്രതിക്കാണ് ജാമ്യം നൽകിയത്. ഓ​ഗസ്റ്റ് 22നായിരുന്നു സംഭവം. ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോഴാണ് പൊലീസ് സ്റ്റേഷനില്‍ ഇയാൾ അതിക്രമം കാണിച്ചത്. ഒരാളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്നായിരുന്നു ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

ഒരു നായയുമായെത്തിയ ഇയാൾ പൊലീസ് സ്റ്റേഷന്റെ ​ഗേറ്റ് കാറിടിപ്പിച്ചു തകർത്തിരുന്നു. സ്റ്റേഷനിലെ എസ്ഐ അബ്ദുർറഹ്മാനേയും കാറിടിപ്പിക്കാൻ ശ്രമിച്ച ഇയാൾ തടയാൻ ചെന്ന രണ്ട് പൊലീസുകാരെ ചവിട്ടിവീഴ്ത്തിയിരുന്നു.

ഏതാണ്ട് ഒരു മണിക്കൂറോളം സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പിന്നീട് പൊലീസുകാർ കീഴ്പ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ ഇയാൾ പിന്നീട് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. മാനസിക പ്രശ്നമുണ്ടെന്ന് കാണിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കി.

മെഡിക്കൽ രേഖകൾ പരിശോധിച്ച കോടതി ഭാര്യയേയും സഹോദരനേയും നേരിട്ടുവിളിപ്പിച്ച് അസുഖം സംബന്ധിച്ച് വിവരങ്ങൾ ആരാഞ്ഞു. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ ചികിത്സ ഉറപ്പാക്കാക്കാമെന്ന് അവർ ഉറപ്പുനൽകുകയും ചെയ്തു.

ഇയാൾ പൊലീസ് സ്റ്റേഷനിൽ 15000 രൂപയുടെ നാശനഷ്ടം വരുത്തിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ തുക കെട്ടിവയ്ക്കണമെന്ന് കോടതി നിർദേശിച്ചു. തുടർന്ന് ഒരു ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, പ്രതികളെ സ്വാധീനിക്കരുത്, കേരളം വിട്ടുപോവരുത് തുടങ്ങിയ ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News