ഇഡിയുടെ കുറ്റപത്രം വൈകുന്നു; കരുവന്നൂര്‍ കേസിലെ മുഖ്യപ്രതികൾക്ക് ജാമ്യം
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഭാസുരാംഗനും മകനും ജാമ്യം ലഭിച്ചു


കൊച്ചി: കരുവന്നൂര്‍, കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസുകളിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ പി.പി കിരൺ, സതീഷ് കുമാർ എന്നിവർക്കും, കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ടാംപ്രതി അഖിൽ ജിത്തിനുമാണ് ജാമ്യം ലഭിച്ചത്. ഇഡിയുടെ കുറ്റപത്രം വൈകുന്നത് പരിഗണിച്ചാണ് കോടതി നടപടി.
സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പെന്ന് വിശേഷിപ്പിച്ച കരുവന്നൂർ കേസിൽ ഇഡി ആദ്യ കുറ്റപത്രം നൽകിയത്. ഇതിൽ ഒമ്പതാം പ്രതിയും ഇടനിലക്കാരനുമായ പി.പി കിരൺ, പതിമൂന്നാം പ്രതിയും സ്വകാര്യ പണമിടപാടുകാരനുമായ പി.സതീഷ് കുമാർ, സതീഷ് കുമാർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒന്നരവർഷമായി ഇരുവരും റിമാന്റിലാണ്.
കേസിൽ ഇഡിയുടെ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ, അനുബന്ധ കുറ്റപത്രങ്ങൾ ഉൾപ്പെടെ സമർപ്പിക്കാനായിട്ടില്ല. ഇത് ഉൾപ്പെടെ പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അരവിന്ദാക്ഷൻ, ജിൽസ് എന്നിവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ടാംപ്രതിയും ഒന്നാംപ്രതി ഭാസുരാംഗന്റെ മകനുമായ അഖിൽജിത്തിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരുവന്നൂരിനേത് സമാനമായി ഈ കേസിലും ഇഡി അന്തിമകുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഒന്നാംപ്രതി ഭാസുരാംഗന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ട് കേസിലും പ്രതികൾ ഒന്നര വർഷമായി റിമാൻഡിലാണ്. ഇതുൾപ്പെടെ പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.