'കൊന്നത് കിണറ്റിലെറിഞ്ഞു തന്നെ'; ദേവേന്ദുവിന്‍റേത് മുങ്ങി മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌

മറ്റ് മുറിവുകൾ ഇല്ലെന്നും റിപ്പോർട്ടിൽ

Update: 2025-01-30 13:35 GMT
Editor : Jaisy Thomas | By : Web Desk
Balaramapuram murder
AddThis Website Tools
Advertising

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊന്നത് കിണറ്റിലെറിഞ്ഞെന്ന് സ്ഥിരീകരണം. ദേവേന്ദുവിന്‍റേത് മുങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മറ്റ് മുറിവുകൾ ഇല്ലെന്നും റിപ്പോർട്ടിൽ. കൊലപാതകത്തിൽ ക്ലിയർ കട്ടായി ഒന്നും പറയാറായിട്ടില്ലെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി പ്രതികരിച്ചു. കുഞ്ഞിന്‍റെ അമ്മ ശ്രീതുവിനെയും അച്ഛൻ ശ്രീജിത്തിനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ദേവേന്ദുവിന്‍റെ മൃതദേഹം ശ്രീതുവിന്‍റെ അമ്മാവന്‍റെ വീട്ടിലെത്തിച്ച് സംസ്കരിച്ചു . വികാരനിർഭരമായ നിമിഷങ്ങൾക്കാണ്  വീട് സാക്ഷിയായത്.

പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മാവൻ കുറ്റസമ്മതം നടത്തിയത്. അമ്മാവൻ ഹരികുമാറിന് സഹോദരി ശ്രീതുവിന്‍റെ സഹായം കിട്ടിയെന്നാണ് പൊലീസിന് സംശയം. ഹരികുമാറും ശ്രീതുവും തമ്മിലുള്ള നിർണായക വാട്സ്ആപ്പ് ചാറ്റ് വിവരങ്ങളും പൊലീസിന് ലഭിച്ചു. എന്താണ് കൊലപാതകത്തിന്‍റെ കാരണമെന്ന് വ്യക്തമല്ല.

ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് രണ്ടര വയസുകാരിയെ കാണാനില്ലെന്ന പരാതി ബാലരാമപുരം പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. പിന്നാലെ അച്ഛനും അമ്മയും അമ്മാവനും മുത്തശ്ശിയും പൊലീസ് കസ്റ്റഡിയിൽ. കുഞ്ഞിനെ കാണാതായ സമയം മുതൽ മൃതദേഹം ലഭിക്കുന്നത് വരെയുള്ള കാര്യങ്ങളിൽ ബന്ധുക്കൾ നൽകിയ മൊഴികളിൽ വൈരുദ്ധ്യം. പരസ്പര വിരുദ്ധമായ കാര്യങ്ങൾ ബന്ധുക്കൾ പറഞ്ഞതോടെ പൊലീസ് ഉറപ്പിച്ചു. ആദ്യ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതോടെ നാലു പേരെയും മാറ്റിയിരുത്തി ചോദ്യം ചെയ്തു. ഒടുവിൽ അമ്മാവൻ ഹരികുമാറിന്‍റെ കുറ്റസമ്മതം. ജീവനോടെ കുട്ടിയെ കിണറ്റിൽ എറിഞ്ഞെന്ന് അമ്മാവൻ പൊലീസിന് മൊഴി നൽകി. എന്തിന് കൊലപാതകം നടത്തിയെന്ന ഇയാൾ പൊലീസിനോട് പറഞ്ഞിട്ടില്ല.

ഇക്കാര്യങ്ങൾ സാധൂകരിക്കുന്ന ചില നിർണായക വാട്ട്സ്ആപ്പ് ചാറ്റ് വിവരങ്ങളും പൊലീസ് കണ്ടെത്തി. ശ്രീജിത്തും ശ്രീതുവും തമ്മിൽ ചില കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. രണ്ടുമാസമായി വീട്ടിലേക്ക് വരാതിരുന്ന ശ്രീജിത്ത് ഇന്നലെയാണ് വീട്ടിലെത്തിയത്. മുത്തച്ഛൻ മരിച്ചതിന്‍റെ ചടങ്ങുകൾ നടക്കാനിരിക്കെയായിരുന്നു ക്രൂരകൃത്യം. 90% തെളിവുകളും ശേഖരിച്ചു. ഇനിയും വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണ്.

ഇതിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പങ്കുവെക്കാൻ കഴിയൂ എന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ജീവനോടെയാണ് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊല്ലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദേവേന്ദുവിനെ കുടുംബവീട്ടിൽ സംസ്കരിച്ചു. സംസ്കാരത്തിൽ പങ്കെടുക്കാൻ മുത്തശ്ശിയേയും അച്ഛനെയും പൊലീസ് അയച്ചിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News