ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണം; ജിഷ്ണുവിനെതിരെ പരാതി നൽകിയത് മറ്റൊരു ഡിവൈഎഫ്‌ഐ പ്രവർത്തകൻ
ജിഷ്ണുവിനെ മർദിച്ച കേസിൽ കസ്റ്റഡിയിലുള്ളവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, റിയാസ്, ഹാരിസ്, നജാ ഫാരിസ് എന്നിവരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്.
കോഴിക്കോട്: ബാലുശ്ശേരിയിൽ പോസ്റ്റർ കീറിയെന്നാരോപിച്ച് മർദനത്തിനിരയായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജിഷ്ണുവിനെതിരെ പരാതി നൽകിയത് മറ്റൊരു ഡിവൈഎഫ്‌ഐ പ്രവർത്തകനായ നജാ ഫാരിസ്. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. നജാ ഫാരിസിന്റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ ഇയാൾ ഡിവൈഎഫ്‌ഐ പ്രവർത്തകനല്ലെന്ന് സംസ്ഥാന പ്രസിഡന്റ് വസീഫ് പറഞ്ഞു.
അതേസമയം ജിഷ്ണുവിനെ മർദിച്ച കേസിൽ കസ്റ്റഡിയിലുള്ളവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, റിയാസ്, ഹാരിസ്, നജാ ഫാരിസ് എന്നിവരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. സംഭവത്തിൽ 29 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
ജിഷ്ണുവിനെ മർദിച്ചതിൽ തങ്ങൾക്ക് ബന്ധമില്ലെന്നും പ്രദേശത്ത് പോസ്റ്റർ കീറുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നുവെന്നും എസ്ഡിപിഐ നേതാക്കൾ പറഞ്ഞിരുന്നു. ഇതിനിടെ ജിഷ്ണു പോസ്റ്റർ കീറുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ നാട്ടുകാർ മർദിച്ചതാണെന്നും ഇവർ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.