ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ: നിയന്ത്രിക്കാൻ മാർഗനിർദേശം വേണമെന്ന് വിദഗ്ധർ
ബാങ്ക് മരവിപ്പിക്കല്‍ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തവയില്‍ കൂടുതലും യു.പി.ഐ ഇടപാടിലൂടെ വന്ന തുകയുടെ പേരിലായിരുന്നു
കോഴിക്കോട്: യു.പി.ഐ ഇടപാടിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്ന സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോർപറേഷന്‍ ഓഫ് ഇന്ത്യ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യം. യു.പി.ഐ ഇടപാടുകളുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ എന്‍.പി.സി.എ(നാഷണല്‍ പേയ്മെന്റ് കോർപറേഷന്‍ ഓഫ് ഇന്ത്യ) ഇടപെടല്‍ വേണമെന്നും സൈബർ രംഗത്തെ വിദഗ്ധർ ആവശ്യപ്പെടുന്നു
ബാങ്ക് മരവിപ്പിക്കല്‍ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തവയില്‍ കൂടുതലും യു.പി.ഐ ഇടപാടിലൂടെ വന്ന തുകയുടെ പേരിലായിരുന്നു. യു.പി.ഐ വഴി പണം സ്വീകരിച്ച സാധാരണ കച്ചവടക്കാരുടെ മുഴുവന്‍ സമ്പാദ്യവും മരവിപ്പക്കപെടുന്ന സാഹചര്യമുണ്ടായി. യു.പി.ഐ ഇടപാടുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിലേക്കാണ് ഇക്കാര്യങ്ങള്‍ നയിക്കുന്നത്. ഈ പ്രശ്നത്തില്‍ ഇടപെടാന്‍ യു.പി.ഐയുടെ നിയന്ത്രണ ബോഡിയായ നാഷണല്‍ പേയ്മെന്റ് കോർപറേഷന്‍ ഓഫ് ഇന്ത്യക്ക് ബാധ്യതയുണ്ടെന്നാണ് സൈബർ രംഗത്തെ വിദഗ്ധർ പറയുന്നത്.
സംശയാസ്പദമായ ഇടപാടുകളുടെ പേരില്‍ നടപടിയെടുക്കേണ്ടി വന്നാല്‍ അക്കൗണ്ട് മുഴുവനും മരവിപ്പിക്കാതെ ആ തുക മാത്രം മരവിപ്പിക്കുന്ന അവസ്ഥയുണ്ടാകണം. പണം നല്‍കുന്നവരും സ്വീകരിക്കുന്നവരും ഏത് സ്ഥലത്താണെന്ന് മനസിലാക്കാന്‍ യു.പി.ഐ സംവിധാനത്തിന് കഴിയുമെന്നതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പരാതികളില്‍ കണ്ണുമടച്ച് നടപടികളിലേക്ക് പോകരുത്. ഇത്തരം കാര്യങ്ങളുള്‍പ്പെടുത്തി മാർഗനിർദേശമിറക്കണമമെന്നാണ് സൈബർ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
റിസർവ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ ബാങ്കുകളുടെ കൂട്ടായ്മയിലൂടെയാണ് നാഷണല്‍ പേയ്മെന്റ് കോർപറേഷന്‍ ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നത്. അതിനാല്‍ എന്‍. പി.സി.ഐയുടെ നിർദേശം ബാങ്കുകള്‍ക്ക് ബാധകമാകും. നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലും യു.പി.ഐ ഇടപാടുകളുടെ കാര്യത്തില്‍ വിവേചനാധികാരം പുലർത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
Watch Video Report