14 മാസം, 191 അക്കൗണ്ടിൽ തിരിമറി.. കാനറ ബാങ്ക് കാഷ്യര്‍ തട്ടിയത് 8 കോടി
ഫെബ്രുവരി 11നു കുടുംബത്തോടൊപ്പം കടന്ന വിജീഷ് വർഗീസിനെക്കുറിച്ച് മൂന്ന് മാസം പിന്നിടുമ്പോഴും സൂചനകളില്ല
പത്തനംതിട്ട കാനറാ ബാങ്ക് ശാഖയിൽ എട്ട് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്. ബാങ്കിലെ ക്യാഷറായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസാണ് വമ്പൻ തട്ടിപ്പിനു പിന്നിൽ. 14 മാസത്തോളം സമയമെടുത്ത് 191 നിക്ഷേപകരുടെ അക്കൗണ്ടിൽ തിരിമറി നടത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
പത്തനംതിട്ട കാനറാ ബാങ്ക് ശാഖയിലെ ക്ലാർക്ക് കം കാഷ്യറായി പ്രവർത്തിച്ച കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസാണ് വൻ സാമ്പത്തിക തട്ടിപ്പിന് പിന്നിൽ. ഇക്കഴിഞ്ഞ ഫെബ്രുവരി 11ന് 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട് ഉടമ താൻ അറിയാതെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് പരാതി നൽകിയതിനെ തുടർന്നാണ് വമ്പൻ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ വിജീഷ് കുടുംബ സമേതം ഒളിവിൽ പോയതോടെയാണ് തട്ടിപ്പിന് പിന്നിലെ ഇയാളുടെ പങ്ക് വ്യക്തമായത്.
പൊലീസിന് പരാതി കൈമാറിയതിന് പിന്നാലെ ബാങ്ക് നടത്തിയ ഓഡിറ്റിംഗിൽ 8,13,64, 539 രൂപ തട്ടിയെടുക്കപ്പെട്ടതായി സ്ഥിരീകരിക്കാനായി. ദീർഘകാലത്തേയ്ക്കുളള സ്ഥിരം നിക്ഷേപങ്ങളിലെയും കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാതിരുന്ന അക്കൗണ്ടുകളിലെയും പണമാണ് നഷ്ടപ്പെട്ടത്. പണം പിൻവലിക്കുന്ന നടപടി പരിശോധിച്ച് അനുമതി നൽകേണ്ട ഉയർന്ന ജീവനക്കാരുടെ അസാന്നിധ്യത്തിൽ അവരുടെ കംപ്യൂട്ടറുകൾ ഉപയോഗപ്പെടുത്തിയാണ് വിജീഷ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ ഒരു നിക്ഷേപകർക്കും പണം നഷ്ടപ്പെടില്ലെന്നാണ് ബാങ്ക് നൽകുന്ന വിശദീകരണം.
അതേസമയം ഫെബ്രുവരി 11നു ഭാര്യയും രണ്ട് മക്കളുമായി വീട്ടിൽ നിന്നും കടന്ന വിജീഷ് വർഗീസിനെക്കുറിച്ച് മൂന്ന് മാസം പിന്നിടുമ്പോഴും സൂചനകളില്ല. വീട്ടിൽ നിന്നും എറണാകുളത്ത് സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്താൻ ഉപയോഗിച്ച കാറും ഇയാൾ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്ന സി.സി ടി.വി ദ്യശ്യങ്ങളും ലഭിച്ചങ്കിലും മറ്റൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.