ഐടി പാർക്കുകളിൽ ബാറും പബ്ബും; മദ്യനയത്തിൽ പുതിയ മാർഗ നിർദേശമായി
മദ്യശാലകളുടെ എണ്ണം കുറഞ്ഞാലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല
സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ബാറും പബ്ബും അനുവദിക്കുന്നതിനുള്ള മാർഗരേഖ കരടായി. 10 വർഷം പ്രവൃത്തി പരിചയമുള്ള ഐടി സ്ഥാപനങ്ങൾക്ക് പബ് ലൈസൻസ് ലഭിക്കും. പബുകൾ ഐടി പാർക്കിനുള്ളിലായിരിക്കും ഉണ്ടാവുക. പുറത്തു നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഉപ കരാർ നൽകാം. കമ്പനികളുടെ വാർഷിക വിറ്റുവരവിന്റെ അടിസ്ഥാനത്തിലായിരിക്കും ലൈസൻസ് നൽകുന്നത്.
അതേസമയം കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കാനും തീരുമാനമായി. ആരാധനാലയങ്ങൾ, എസ് സി-എസ്ടി കോളനി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ദൂരപരിധി 200 മീറ്ററാക്കും.
ക്യു നിൽക്കാതെ മദ്യം വാങ്ങാൻ സാധിക്കുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യത്തിലുള്ള ബാറുകളും കള്ളുഷാപ്പുകളും മാത്രമേ അനുവദിക്കുകയുള്ളൂ. മദ്യശാലകളുടെ എണ്ണം കുറഞ്ഞാലും അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ വിട്ടു വീഴ്ച പാടില്ലെന്ന് എക്‌സൈസ് മന്ത്രി നിർദേശം നൽകി. പുതിയ നയം മന്ത്രിസഭ അംഗീകരിച്ച് മാർച്ച് 21നു മുമ്പായി പുറത്തിറക്കാനാണ് തീരുമാനം.