'നാണം കെട്ട ന്യായങ്ങൾ പറയാതെ രാജിവെച്ച് ഇറങ്ങി പോകണം'; ഷിജു ഖാനെതിരെ ബെന്യാമിൻ
ഷിജു ഖാന്‍റെ രാജിയിലൂടെ മാത്രം പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല, വിഷയത്തില്‍ ഗൗരവമായ അന്വേഷണം വേണം, രണ്ട് അമ്മമാരുടെ കണ്ണീരിന്റെ ഉത്തരവാദിയെ കണ്ടുപിടിക്കേണ്ടതുണ്ടെന്നും ബെന്യാമിൻ മീഡിയവണിനോട് പ്രതികരിച്ചു
ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യു.സിക്കും വീഴ്ച സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം. 'ഇനിയും നാണം കെട്ട ന്യായങ്ങൾ പറയാൻ നിൽക്കാതെ രാജി വച്ച് ഇറങ്ങി പോകണം മി. ഷിജു ഖാൻ' എന്നാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇത്തരം പ്രവൃത്തികള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് ഭംഗം വരുത്തുന്നതാണെന്നും ഇത്തരക്കാരെ വെച്ചു പൊറുപ്പിക്കരുതെന്നും ബെന്യാമിന്‍ മീഡിയവണിനോട് പ്രതികരിച്ചു. ഷിജു ഖാന്‍റെ രാജിയിലൂടെ മാത്രം പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല, വിഷയത്തില്‍ ഗൗരവമായ അന്വേഷണം വേണം, രണ്ട് അമ്മമാരുടെ കണ്ണീരിന്റെ ഉത്തരവാദിയെ കണ്ടുപിടിക്കേണ്ടതുണ്ടെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.
ദത്ത് തടയാൻ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും പൊലീസിനെ അറിയിച്ചില്ലെന്നുമാണ് വകുപ്പ്തല അന്വേഷണത്തില്‍ കണ്ടെത്തിയത്. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയി, ശിശുക്ഷേമ സമിതി രജിസ്റ്ററിൽ ഒരു ഭാഗം മായിച്ചു കളഞ്ഞിട്ടുണ്ട് തുടങ്ങി ദത്ത് നടപടികളിൽ ക്രമക്കേട് നടന്നെന്ന അനുപമയുടെ വാദങ്ങൾ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ.
അതേസമയം, മനപ്പൂർവ്വം തന്നെയാണ് എല്ലാവരും ഇതിൽ ഇടപെട്ടിരിക്കുന്നതെന്നും ആന്ധ്ര ദമ്പതികളുടെ കണ്ണീരിനും ഇവർ തന്നെയാണ് ഉത്തരവാദിയെന്നും അനുപമ പ്രതികരിച്ചു. ആരോപണ വിധേയരായവരെ ഇനിയെങ്കിലും സർക്കാർ പുറത്താക്കണമെന്നും സമരം ശക്തമാക്കുമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.