ഒരു നാട് ഒലിച്ചുപോയെന്ന് പറയുന്നത് തെറ്റെന്ന് വി. മുരളീധരൻ; മുണ്ടക്കൈ ദുരന്തത്തെ നിസ്സാരവത്കരിച്ച് ബിജെപി

മാപ്പ് പറയണമെന്ന് എൽഡിഎഫും യുഡിഎഫും

Update: 2024-11-19 07:52 GMT
Advertising

കൽപറ്റ: മുണ്ടക്കൈ ദുരന്തത്തെ നിസ്സാരവത്കരിച്ച് ബിജെപി. ഒരു നാട് ഒലിച്ചുപോയെന്ന് പറയുന്നത് തെറ്റാണെന്നും രണ്ടു പഞ്ചായത്തുകളിലെ മൂന്ന് വാർഡുകൾ മാത്രമാണ് തകർന്നതെന്നും മുൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. വൈകാരികമായി സംസാരിക്കുന്നതിൽ അർഥമില്ല. ഉരുൾപൊട്ടൽ ദുരന്തത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള ഹീനമായ തന്ത്രമാണ് ഹർത്താലെന്നും വി. മുരളീധരൻ ആരോപിച്ചു.

അതേസമയം, വി. മുരളീധരനെതിരെ എൽഡിഎഫും യുഡിഎഫും രംഗത്തുവന്നു. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പ്രശ്നമല്ല മുണ്ടക്കൈയിലേതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പ്രശ്നമാണിത്. ചൂരൽമലയിൽ ദുരന്തം ഉണ്ടാകുമെന്ന് കരുതി ബജറ്റിൽ തുക വകയിരുത്താൻ സാധിക്കില്ലല്ലോ എന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.

വി. മുരളീധരന്റെ പ്രസ്താവന ദുരന്തത്തിൽ മരിച്ചവരെ അപമാനിക്കുന്നതെന്ന് ടി. സിദ്ദീഖ് എംഎൽഎ കുറ്റപ്പെടുത്തി. ദുരന്തബാധിതർ മനുഷ്യരാണ്. ബിജെപിയുടെ തനിനിറം ഒരിക്കൽ കൂടി വി. മുരളീധരനിലൂടെ പുറത്തുവന്നു. സംസ്ഥാന സർക്കാർ കൊടുക്കേണ്ടതായ എല്ലാ റിപ്പോർട്ടുകളും നൽകണം. അടിയന്തര സഹായം നൽകാൻ എന്ത് റിപ്പോർട്ടാണ് ആവശ്യം. ഇതിൽ വി. മുരളീധരനും കേന്ദ്ര സർക്കാരും മറുപടി പറയണം. ദുരന്തബാധിതരെ വഴിയിൽ ഉപേക്ഷിച്ച് അമ്മാനമാടാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കില്ല. സഹായവും ഇല്ല അപമാനിക്കുകയും ചെയ്യുന്നു എന്നതാണ് അവസ്ഥ. മുരളീധരന്റെ പ്രസ്താവന ദുരന്തത്തെ നിസ്സാരവത്കരിക്കുന്നതാണ്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ടി. സിദ്ദീഖ് ആവശ്യ​പ്പെട്ടു.

വി. മുരളീധരന്റേത് അങ്ങേയറ്റം പ്രതിഷേധാർഹമായ പ്രസ്താവനയാണെന്ന് എൽഡിഎഫ് വയനാട് ജില്ലാ കൺവീനർ സി.കെ ശശീ​ന്ദ്രൻ പറഞ്ഞു. വയനാട്ടിലെ ദുരന്തബാധിതരെ കളിയാക്കുന്ന പ്രസ്താവനയാണിത്. മലയാളികളോട് ആകെ മാപ്പ് പറയണം. മുരളീധരന്റെ നിലപാട് ഇതാണെങ്കിൽ എന്തിനാണ് പ്രധാനമന്ത്രി വയനാട് സന്ദർശിച്ചതെന്നും സി.കെ ശശീന്ദ്രൻ ചോദിച്ചു. 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News