ബിജെപി അധ്യക്ഷനാരാകും?; പ്രസിഡന്‍റ് സ്ഥാനത്തേക്ക് കച്ചമുറുക്കി രാജീവ് ചന്ദ്രശേഖർ, പിന്മാറാതെ കെ.സുരേന്ദ്രന്‍
മത്സരം ഒഴിവാക്കാൻ കേന്ദ്ര ബിജെപി നേതൃത്വം


തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് കച്ചമുറുക്കി മുൻകേന്ദ്ര മന്ത്രി രാജീവ്ചന്ദ്രശേഖർ. മറ്റന്നാൾ നോമിനേഷൻ നൽകും.ഇതുവരെ പിന്മാറാൻ തയ്യാറാകാത്ത കെ.സുരേന്ദ്രനും നോമിനേഷൻ നൽകിയാൽ മത്സരത്തിന് കളമൊരുങ്ങും.
പ്രഹളാദ് ജോഷിയാണ് റിട്ടേണിങ്ങ് ഓഫീസർ . 24 -ാം തീയ്യതി തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റിനെ തെരഞ്ഞെടുക്കും. കൂടുതൽ പേർ പത്രിക നൽകിയാൽ വോട്ടെടുപ്പിലേക്ക് നീങ്ങും . അതേസമയം, മത്സരം ഒഴിവാക്കാൻ കേന്ദ്ര ബിജെപി നേതൃത്വം ഇടപെടുമെന്നാണ് സൂചന.
സുരേന്ദ്രൻ്റെ എതിർ പക്ഷത്ത് നിൽക്കുന്നവർ രാജീവ് ചന്ദ്രശേഖരനെ പിന്തുണക്കാനാണ് സാധ്യത. അതേസമയം, എം.ടി രമേശ് , ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട് . വോട്ടെടുപ്പിൽ റിട്ടേണിങ്ങ് ഓഫീസറുടെ തീരുമാനം നിർണായകമാകും. പത്രിക സമർപ്പിക്കാനുള്ള ദിവസത്തിനുമുൻപ് ഒറ്റ പേരിലേക്ക് എത്തി തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തിരക്കിട്ട നീക്കങ്ങൾ.