ബോബി ചെമ്മണൂർ കാക്കനാട് ജയിലിൽ; ആശുപത്രിയിൽ പ്രതിഷേധവുമായി ആരാധകർ

തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ആവർത്തിച്ചെങ്കിലും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം അംഗീകരിക്കരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയാണെന്ന് കോടതി അറിയിച്ചു

Update: 2025-01-09 14:45 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ലൈംഗികാധിക്ഷേപക്കേസിൽ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ബോബി ചെമ്മണൂരിനെ ജയിലിലെത്തിച്ചു. വൈദ്യപരിശോധനയ്ക്കുശേഷമായിരുന്നു കാക്കനാട്ടെ ജില്ലാ ജയിലിൽ എത്തിച്ചത്. കേസിൽ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. അതിനിടെ, എറണാകുളം ജനറൽ ആശുപത്രിയിൽ ബോബി ചെമ്മണൂർ ഫാൻസ് പ്രതിഷേധമുയർത്തി.

ഉച്ചയ്ക്ക് ഒരു മണിക്കൂറോളം വാദം കേട്ടം ശേഷം വൈകീട്ടാണ് ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷയിൽ എറണാകുളം സിജെഎം കോടതി വിധി പറഞ്ഞത്. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ആവർത്തിച്ചെങ്കിലും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം അംഗീകരിക്കരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയാണെന്ന് കോടതി അറിയിച്ചു. വിധി കേട്ട് പ്രതിക്കൂട്ടിൽ തലകറങ്ങി വീണ ബോബി ചെമ്മണൂരിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് കാക്കനാട് ജില്ലാ ജയിലെത്തിച്ചത്.

ജനറൽ ആശുപത്രിയിൽ നൂറുകണക്കിന് ആരാധകരാണു തടിച്ചുകൂടിയത്. പൊലീസ് വാഹനത്തിൽ ഇടിക്കുകയും ബഹളംവയക്കുകയും ചെയ്തു ഇവർ. രോഗിയായ ബോബിയെ പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

പ്രഥമദൃഷ്ട്യാ ബോബി കുറ്റം ചെയ്തെന്നു വ്യക്തമായതായി കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു. ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ ബോബി നടത്തിയിട്ടുണ്ട്. സമ്മതമില്ലാതെ കടന്നുപിടിക്കുകയും ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ തെളിവുകളുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും കോടതി അറിയിച്ചു.

പ്രതി സ്വാധീനമുള്ള വ്യവസായിയായ വ്യക്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കഴിവുള്ളയാളാണ്. ജാമ്യം അനുവദിച്ചാൽ ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാനുള്ള സാധ്യതയുമുണ്ട്. പ്രോസിക്യൂഷൻ ഉന്നയിച്ച ഇത്തരം വാദങ്ങളെല്ലാം കണക്കിലെടുത്ത് ജാമ്യാപേക്ഷ തള്ളുകയാണെന്നും കോടതി അറിയിക്കുകയായിരുന്നു.

Summary: Bobby Chemmanur sent to Kakkanad District Jail after Kerala High Court rejects bail plea in sexual harassment case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News