കാക്കണഞ്ചേരി ആദിവാസി കോളനിയിൽ നിന്ന് കാണാതായ ലീലയുടെ മൃതദേഹം കണ്ടെത്തി
ലീലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ലീലയുടെ ഭർത്താവ് അടക്കം മൂന്ന് പേർ കസ്റ്റഡിയിലാണ്
കോഴിക്കോട്: കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിൽ നിന്ന് കാണാതായ ലീലയുടെ മൃതദേഹം കണ്ടെത്തി. അമരാട് മലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണുള്ളത്. ലീലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ലീലയുടെ ഭർത്താവടക്കം മൂന്ന് പേർ കസ്റ്റഡിയിലാണ്. ഇവർ നൽകിയ വിവരത്തിൻറ് അടിസ്ഥാനത്തിൽ പൊലീസും വനംവകുപ്പും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കാക്കണഞ്ചേരി കോളനിയിൽ ഇതിന് മുൻപും നിരവധി ദൂരൂഹ മരണങ്ങൾ നടന്നിട്ടുണ്ട്. ഏഴ് പേരെയാണ് ഇത്തരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം കോളനിയിൽ നിന്ന് കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. അസ്വാഭാവിക മരണമായാണ് ഈ കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തത്. എന്നാൽ തുടരന്വേഷണം ഉണ്ടായില്ല. കോളനിയിൽ ദുരൂഹ സാഹചര്യത്തിൽ ഏഴ് പേർ മരിച്ച വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
കാക്കണഞ്ചേരി ആദിവാസി കോളനിയിൽ നിന്ന് കാണാതായ ലീലയുടെ ബന്ധുക്കളാണ് മരിച്ച നിലയിൽ കാണപ്പെട്ട നാലുപേർ. ലീലയുടെ സഹോദരനാണ് 2012ൽ മരിച്ച സജീവൻ. സഹോദരി സരോജിനി മരിച്ചത് 2014ൽ. ലീലയുടെ മകൻ രേണു കൊല്ലപ്പെടുന്നത് 2019ലാണ്. ഇത് മാത്രമാണ് കൊലപാതകമെന്ന് കണ്ടെത്താനായതും പ്രതിയെ പിടിക്കാനായാതും. ഇതിന് മുൻപും കൃഷ്ണൻ, സുര, ഓണൻ, ശാന്ത എന്നിവരും ദുരൂഹ സാഹര്യത്തിൽ മരിച്ചിരുന്നു. ഒന്നെങ്കിൽ തൂങ്ങിമരണം, അല്ലെങ്കിൽ അസ്വാഭാവിക മരണം എന്നെഴുതി തള്ളിയതാണ് ഈ കേസുകളെല്ലാം. കോളനിയ്ക്ക് സമീപത്തുള്ള വനത്തിനുള്ളിൽ വ്യാജവാറ്റ് നടക്കുന്നതായും കോളനി വാസികളെ മറ്റുള്ളവർ ചൂഷണം ചെയ്യുന്നതായും ആരോപണമുണ്ട്.