തൃക്കാക്കരയിലെ നവകേരള സദസ്സിന്റെ വേദി കുഴിബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി

ഭീഷണിക്കത്ത് ഇന്നലെയാണ് എറണാകുളം എ ഡി എം ഓഫീസിൽ ലഭിച്ചത്

Update: 2023-12-30 09:38 GMT
Advertising

കൊച്ചി: നവ കേരള സദസിന്റെ വേദി കുഴിബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിക്കത്ത്. സംഭവത്തിൽ തൃക്കാക്കര പോലീസ് കേസെടുത്തു. ഭീഷണിക്കത്ത് ഇന്നലെയാണ് എറണാകുളം എ ഡി എം ഓഫീസിൽ ലഭിച്ചത്. തപാൽ മാർഗമാണ് കത്ത് അയച്ചിരിക്കുന്നത്.

കത്തയച്ച ആളിനെ കുറിച്ച് യാതൊരു വിവരം ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാ​ണെന്നും പോലീസ് പറഞ്ഞു. ‘ഞങ്ങൾ പഴയ കമ്യൂണിസ്റ്റുകാരാ​ണ്, നവകേരള സദസിന്റെ വേദി കുഴി ബോംബ് വെച്ച് തകർക്കും, സർവനാശത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്’ തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ പറയുന്നത്.

കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേ​സെടുത്തിരിക്കുന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാ​ജേ​ന്ദ്രന്റെ നിര്യാണത്തെ തുടർന്ന് തൃക്കാക്കരയിലെതടക്കം നാല് മണ്ഡലങ്ങളിലെ നവകേരള സദസ് മാറ്റിവെച്ചിരുന്നു. ജനുവരി ഒന്നിന് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടത്താനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ബോംബ് ഭീഷണി.

തിങ്കളാഴ്ച ​വൈകിട്ട് മൂന്നിന് കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ പരേഡ് ഗ്രൗണ്ടിലാണ് തൃക്കാക്കരയിൽ നവകേരള സദസ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് മണ്ഡലങ്ങളിലേത് പോലെ നവകേരള ബസില്‍ തന്നെയാകും മുഖ്യമന്ത്രിയും മന്ത്രിമാരും നാലു മണ്ഡലങ്ങളിലും എത്തുന്നത്. പരിപാടിയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കഴിഞ്ഞ ദിവസം വിലയിരുത്തിയതിന് പിന്നാ​ലെയാണ് ഭീഷണി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News